മുഖ്യമന്ത്രിസ്ഥാനം പങ്കുവെയ്ക്കില്ല; ശിവസേനയുമായി സഖ്യത്തിന് തയ്യാറെന്ന് അമിത് ഷാ

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുമ്പോഴും നിലപാടില്‍ മാറ്റമില്ലാതെ ബി.ജെ.പി. ശിവസേനയുമായി സഖ്യത്തിന് തയ്യാറാണെന്നും എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം പങ്കുവെയ്ക്കില്ലെന്നും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.

ആരുടെയും അവസരം തള്ളാനല്ല രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. സംഖ്യ ഉണ്ടെങ്കില്‍ ഗവര്‍ണ്ണറെ സമീപിക്കണം. ആര്‍ക്കും ഇപ്പോഴും തടസ്സമില്ല. എന്നാല്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സംഖ്യയില്ലെന്നും അമിത് ഷാ പറഞ്ഞു.

ശിവസേനയുമായി സഖ്യമാകാം. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിസ്ഥാനം പങ്കുവെയ്ക്കാമെന്ന ഉറപ്പ് നല്‍കിയിരുന്നില്ല. അതിനാല്‍ തന്നെ മുഖ്യമന്ത്രിസ്ഥാനത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.