കന്യകാത്വ പരിശോധനയ്ക്ക് വിസമ്മതിച്ചു; മഹാരാഷ്ട്രയില്‍ കുടുംബത്തിന് സാമൂഹികവിലക്ക്

കന്യകാത്വ പരിശോധന നിരസിച്ചതിന്റെ പേരില്‍ സാമൂഹിക വിലക്ക് നേരിടുന്നുവെന്ന പരാതിയുമായി കുടുംബം. മഹാരാഷ്ട്രയിലെ കഞ്ജര്‍ബാത് സമുദായത്തില്‍ പെട്ട കുടുംബമാണ് ഇതിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ താനെ പോലീസ് നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവാഹത്തിന് മുമ്പ് പെണ്‍കുട്ടി കന്യകയാണോ എന്ന് പരിശോധിക്കുന്ന ആചാരം കഞ്ജര്‍ബാതുകള്‍ക്കിടയില്‍ നിലവിലുണ്ട്. എന്നാല്‍ ഇത് നിരസിച്ചതിന്റെ പേരില്‍ ജാതി പഞ്ചായത്ത് ചേര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി തന്റെ കുടുംബത്തിന് സാമൂഹിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് പരാതിക്കാരനായ വിവേക് തമൈചകര്‍ ആരോപിക്കുന്നു.

“ഞങ്ങളുമായി സഹകരിക്കുന്നതില്‍ നിന്ന് സ്വജാതിയില്‍പ്പെട്ട മറ്റാളുകളെ പഞ്ചായത്ത് വിലക്കി. അത് എന്റെ വീട്ടില്‍ ഒരു മരണമുണ്ടായപ്പോള്‍ പോലും തുടര്‍ന്നു. മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടയില്‍ സമീപത്തെ വീട്ടില്‍ വിവാഹപൂര്‍വ്വ ആഘോഷങ്ങളുടെ ഭാഗമായി സംഗീതം ഉച്ചത്തില്‍ വെച്ചാണ് അവര്‍ പ്രതികാരം ചെയ്തത്. ഒരു പരിഷ്‌കൃത സമൂഹത്തിന് ഒട്ടും നിരക്കുന്നതല്ല ഇത്തരത്തിലുള്ള വിലക്കുകള്‍.” വിവേക് പറയുന്നു.

സംഭവത്തെ തുടര്‍ന്ന് കന്യകാത്വ പരിശോധന കുറ്റകൃത്യമായി പ്രഖ്യാപിക്കാനാണ് മഹാരാഷ്ട്ര ഗവര്‍മെന്റിന്റെ തീരുമാനം ഇത്തരത്തിലുള്ള പരിശോധന ലൈംഗിക അതിക്രമമായി തന്നെ ഇനി മുതല്‍ കണക്കാക്കും. ജുഡീഷ്യറി ഡിപ്പാര്‍ട്ടുമെന്റുമായി ആലോചിച്ച് ഒരു സര്‍ക്കുലര്‍ ഇക്കാര്യത്തില്‍ ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മഹാരാഷ്ട്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രി രഞ്ജിത് പാട്ടീല്‍ പറഞ്ഞു.