'സി.ബി.ഐ കൂട്ടിലടച്ച തത്ത', മോചിപ്പിക്കണം എന്ന് മദ്രാസ് ഹൈക്കോടതി

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) പാർലമെന്റിന് മാത്രം റിപ്പോർട്ട് ചെയ്യുന്ന ഒരു സ്വയംഭരണ സ്ഥാപനമായിരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച പറഞ്ഞു. “പാർലമെന്റിനോട് മാത്രം ഉത്തരവാദിത്വമുള്ള ഇന്ത്യൻ കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിന് സമാനമായി സി.ബി.ഐക്കും സ്വയംഭരണാവകാശം ഉണ്ടായിരിക്കണം എന്ന് കോടതി പറഞ്ഞു. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ കൈകളിലെ ഒരു രാഷ്ട്രീയ ഉപകരണമായി സി.ബി.ഐ മാറി എന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

ഈ ഉത്തരവ് ‘കൂട്ടിലടച്ച തത്തയെ’ (സിബിഐ) മോചിപ്പിക്കാനുള്ള ശ്രമമാണ് എന്ന് സി.ബി.ഐയുടെ നിലവിലെ സംവിധാനത്തെ പുനഃപരിശോധിക്കുന്ന 12-പോയിന്റ് നിർദ്ദേശങ്ങളിൽ കോടതി പറഞ്ഞു.

നിയമാനുസൃത പദവി നൽകുമ്പോൾ മാത്രമേ ഏജൻസിയുടെ സ്വയംഭരണം ഉറപ്പാക്കാനാകൂ എന്ന് കോടതി പറഞ്ഞു. സി.ബി.ഐയ്ക്ക് കൂടുതൽ അധികാരങ്ങളും അധികാരപരിധിയുമുള്ള നിയമാനുസൃത പദവി നൽകുന്ന ഒരു പ്രത്യേക നിയമം പ്രാബല്യത്തിൽ വരുത്തുന്നതിനെ കുറിച്ച് ആലോചിക്കാനും തീരുമാനമെടുക്കാനും കേന്ദ്ര സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. കേന്ദ്ര സർക്കാർ സി.ബി.ഐയെ സ്വതന്ത്രമാക്കണം, സിബിഐക്ക് സ്വയംഭരണം നൽകണം, സി.ബി.ഐയ്ക്ക് മേൽ സർക്കാരിന്റെ ഭരണപരമായ നിയന്ത്രണമുണ്ടാവരുത് എന്നും കോടതി പറഞ്ഞു.

1941 ൽ രൂപീകൃതമായ സി.ബി.ഐ പ്രധാനമന്ത്രിയുടെ ഓഫീസിന് കീഴിലുള്ള ഡിഒപിടി (ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിംഗ്) യിലാണ് റിപ്പോർട്ട് ചെയ്യുന്നുത്. പ്രധാനമന്ത്രി, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ മൂന്നംഗ പാനലാണ് സി.ബി.ഐയുടെ ഡയറക്ടറെ തിരഞ്ഞെടുക്കുന്നത്.

സിബിഐയെ തിരഞ്ഞെടുപ്പ് കമ്മീഷൻ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ എന്നിവരെ പോലെ കൂടുതൽ സ്വതന്ത്രമാക്കണം എന്ന്  ജസ്റ്റിസുമാരായ എൻ കിരുബാകരനും ജസ്റ്റിസ് ബി പുഗലേന്ദിയും ചൊവ്വാഴ്ച പറഞ്ഞു. തമിഴ്‌നാട്ടിലെ 300 കോടി രൂപയുടെ പോൺസി അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്ന ഹർജിയിൽ വാദം കേൾക്കുകയായിരുന്നു ജസ്റ്റിസുമാർ.

സി.ബി.ഐ ഡയറക്ടർക്ക് ഗവൺമെന്റ് സെക്രട്ടറിയുടെ അധികാരങ്ങൾ നൽകുകയും ഡിഒപിടി വഴി പോകാതെ നേരിട്ട് മന്ത്രി/പ്രധാനമന്ത്രിക്ക് റിപ്പോർട്ട് ചെയ്യാൻ സാധിക്കുന്ന നിയമം വരണമെന്നും വിധിയിൽ പറയുന്നു.

ആൾബലം ഇല്ലാത്തതിന്റെ പേരിൽ പോൺസി അഴിമതി കേസ് കൈമാറുന്നതിനെതിരെ കേന്ദ്രത്തിന്റെ എതിർപ്പിനോട് പ്രതികരിക്കുകയായിരുന്ന ജഡ്ജിമാർ, “കേഡർ അവലോകനവും സിബിഐ പുനഃസംഘടനയും സംബന്ധിച്ച സമഗ്രമായ നിർദ്ദേശത്തെക്കുറിച്ച് ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ” കേന്ദ്രത്തോട് ഉത്തരവിട്ടു.

സി.ബി.ഐക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതുണ്ട്, അതുവഴി അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ), യുണൈറ്റഡ് കിംഗ്ഡത്തിന്റെ സ്കോട്ട്ലൻഡ് യാർഡ് എന്നിവയെപ്പോലെ സി.ബി.ഐയെ മാറ്റാനാകും, സി.ബി.യ്ക്ക് പ്രത്യേക ബജറ്റ് വിഹിതം വേണമെന്നും ജഡ്ജിമാർ ആവശ്യപ്പെട്ടു.

2013 ലെ കോൾഫീൽഡ് അലോക്കേഷൻ കേസുകളുടെ വിചാരണ വേളയിൽ സുപ്രീം കോടതി സിബിഐയെ കൂട്ടിലടച്ച തത്ത എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ആ സമയം, പ്രതിപക്ഷത്തായിരുന്ന ബിജെപി, സി.ബി.ഐയെ നിയന്ത്രിക്കുന്നത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാരാണെന്ന് ആരോപിച്ചിരുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ, നിരവധി പ്രതിപക്ഷ നേതാക്കൾക്കെതിരായ അന്വേഷണവുമായി സി.ബി.ഐയെ മുന്നോട്ടുപോയ സാഹചര്യത്തിൽ, ബിജെപിയുടെ ആവശ്യങ്ങൾ സിബിഐയെ കൊണ്ട് നിറവേറ്റുകയാണെന്ന് ആരോപണം ഉയർന്നിരുന്നു.

പ്രധാനമന്ത്രി നിയന്ത്രിക്കുന്ന ഗൂഢാലോചന ബ്യൂറോ” എന്നാണ് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമതാ ബാനർജി സിബിഐയെ വിശേഷിപ്പിച്ചത്.