തിരഞ്ഞെടുപ്പ്; തമിഴ്‌നാട്ടില്‍ കട്ട്ഔട്ടുകള്‍ക്കും ആളെകൂട്ടുന്നതിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിലക്കുമായി മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട്ടില്‍ കട്ട്ഔട്ടുകള്‍ക്കും ആളെ കൂട്ടുന്നതിനും  രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിലക്കുമായി മദ്രാസ് ഹൈക്കോടതി. പ്ലാസ്റ്റിക്ക് ബാനര്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍, പിവിസി (പോളി വിനൈല്‍ ക്ലോറൈഡ്) എന്നിവ ഉപയോഗിച്ചുള്ള കട്ട്ഔട്ടുകള്‍ എന്നിവയ്ക്കാണ് നിരോധനം. ഇതിനു പുറമെ രാഷ്ട്രീയ പ്രചാരണത്തിന് വലിയ തോതില്‍ ആളെ കൂട്ടുന്നതിനും കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മധുരയിലെ കെ.കെ. രമേഷ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് വിധി ജസ്റ്റിസ് എന്‍.കിരബകരന്റെയും ജസ്റ്റിസ് എസ്.എസ്. സുന്ദറിന്റെയും ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. പ്ലാസ്റ്റിക്ക് ബാനര്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍, പിവിസി (പോളി വിനൈല്‍ ക്ലോറൈഡ്) എന്നിവ ഉപയോഗിച്ചുള്ള കട്ട്ഔട്ടുകള്‍ എന്നിവ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന വിഷവസ്തുക്കള്‍ അടങ്ങിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതു കൊണ്ട് ഇവ വിലക്കിയതെന്നും കോടതി വ്യക്തമാക്കി.

എഐഎഡിഎംകെ, ഡിഎംകെ, ബി.ജെ.പി, കോണ്‍ഗ്രസ് എന്നിവ ഉള്‍പ്പെടെയുള്ള 16 രാഷ്ട്രീയ പാര്‍ട്ടികളെ കോടതി കേസില്‍ സ്വമേധയാ കക്ഷി ചേര്‍ത്തിരുന്നു. ട്രക്കുകള്‍, ബസുകള്‍, മറ്റ് വാഹനങ്ങള്‍ എന്നിവ ഉപയോഗിച്ച് ആളെ കൂട്ടുന്നതിന് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തടയിടുന്നതിന് അധികൃതരെ കോടതി ചുമതലപ്പെടുത്തി. മാര്‍ച്ച് 21 ന് കേസിലെ തുടര്‍വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.