റോൾസ് റോയ്‌സ് കേസിൽ ജഡ്ജിയുടെ പരാമർശത്തിന് എതിരെ അപ്പീൽ നൽകി വിജയ്

വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത റോൾസ് റോയ്‌സ് ഗോസ്റ്റ് കാറിന്റെ പ്രവേശന നികുതി ഒഴിവാക്കണമെന്ന തന്റെ ആവശ്യം തള്ളിയ വിധിക്കെതിരെ നടൻ വിജയ് അപ്പീൽ നൽകി. മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം പുറപ്പെടുവിച്ച ഉത്തരവ് സംബന്ധിച്ച നടൻ വിജയ് സമർപ്പിച്ച അപ്പീൽ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും.

വിജയ്‌ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തിയ ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം, പണം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കോവിഡ് -19 ദുരിതാശ്വാസ നിധിയിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. വിധിന്യായത്തിൽ ജഡ്ജിയുടെ ചില പരാമർശങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ടാണ് വിജയ്‌യുടെ നിയമ സംഘം കോടതിയെ സമീപിച്ചിരിക്കുന്നത്.

വിധിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് വിജയ്‌യുടെ നിയമസംഘം നേരത്തെ പറഞ്ഞിരുന്നു. തമിഴ് സിനിമയിൽ നായകന്മാർ ഭരണാധികാരികളായിത്തീർന്നിരിക്കുന്നു, അവരെ യഥാർത്ഥ നായകന്മാരായി വിശ്വസിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു എന്നിങ്ങനെ വിധിന്യായത്തിൽ പരാമർശമുണ്ടായിരുന്നു.

ചലച്ചിത്രത്തിലെ നായകന്മാർ സിനിമയിൽ അഴിമതിക്കെതിരെ പോരാടുകയും യഥാർത്ഥ ജീവിതത്തിൽ വ്യത്യസ്തമായി പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞ ജഡ്ജി വിജയ് യുടെ നടപടിയെ വിമർശിച്ചു. നികുതി അടയ്ക്കേണ്ടത് നിർബന്ധമാണെന്നും ഒരു ബാധ്യതയോ സംഭാവനയോ അല്ലെന്നും കോടതി പറഞ്ഞിരുന്നു.