മാധുരി ദീക്ഷിത് ബിജെപി ടിക്കറ്റില്‍ മത്സരിക്കും

Gambinos Ad

കളം പിടിക്കാന്‍ ബോളിവുഡ് താരം മാധുരി ദീക്ഷിതിനെ തുറുപ്പ് ചീട്ടാക്കി ബിജെപി. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ പുണെയില്‍ മാധുരി ദീക്ഷിതിനെ മത്സരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. ഇതിന് മുന്നോടിയായി ഇക്കഴിഞ്ഞ ജൂണില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മാധുരിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. സമ്പര്‍ക്ക് ഫോര്‍ സമാവര്‍ത്തന്‍ പരിപാടിയുടെ ഭാഗമായി ഷാ മാധുരിയെ കണ്ടപ്പോള്‍ ഇക്കാര്യം ചര്‍ച്ചചെയ്‌തോ എന്ന് വ്യക്തമല്ല.

Gambinos Ad

പുണെയില്‍ നിന്ന് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടികയില്‍ മാധുരിയുടെ പേരുള്ളതായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോടു പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മാധുരിയെ മത്സരിപ്പിക്കുന്ന കാര്യം പാര്‍ട്ടി ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. പുണെയില്‍ മാധുരിയെ നിര്‍ത്തിയാല്‍ വിജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. പുതുമുഖങ്ങളെയും താരങ്ങളെയും ഇറക്കി വോട്ട് നേടുക എന്ന തന്ത്രമാണ് ബിജെപിയുടേത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി ഈ തന്ത്രം പയറ്റി തെളിഞ്ഞതാണ്.

ഒരിക്കല്‍ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മോദി മുഴുവന്‍ സ്ഥാനാര്‍ഥികളെയും മാറ്റി നടത്തിയ നീക്കത്തിലൂടെ വന്‍ വിജയമാണ് ബിജെപി നേടിയത്. പുതുമുഖങ്ങളെ വിമര്‍ശിക്കാന്‍ തക്കതായ കാരണങ്ങള്‍ ഒന്നും പ്രതിപക്ഷത്തിന് ഉണ്ടാകാത്തതാണ് ബിജെപിക്ക് വിജയം നേടിക്കൊടുക്കുന്നത്. മാധുരി ദീക്ഷിതിനെ പോലെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു താരത്തെ വിമര്‍ശിക്കാന്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രതിപക്ഷത്തിന് കഴിയില്ല എന്നതും ബിജെപിയുടെ വിജയ സാധ്യത കൂട്ടുന്നു.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നാണ് ബിജെപി പൂണെ സീറ്റ് പിടിച്ചെടുത്തത്. മൂന്നുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പാര്‍ട്ടിയുടെ അനില്‍ ഷിറോള്‍ അവിടെ വിജയിച്ചത്.