പശുസംരക്ഷണത്തിന്റെ മറവില്‍ അക്രമത്തിന് തുനിഞ്ഞാല്‍ അഞ്ചുവര്‍ഷം വരെ തടവ്; നിയമ ഭേദഗതിക്ക് ഒരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍

പശുവിന്റെ പേരില്‍ നിരപാരാധികള്‍ക്ക് നേരെ അക്രമം വ്യാപകമാകുന്നത് തടയാന്‍ ശക്തമായ നിയമ നിര്‍മ്മാണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ഇതിനായി പശുപരിപാലന നിയമം ഭേദഗതി ചെയ്യും.

ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആറ് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ഉറപ്പ് വരുത്തുന്ന രീതിയിലാണ് നിയമം ഭേദഗതി ചെയ്യുന്നത്. ഇതിനുള്ള ശുപാര്‍ശയ്ക്ക് മുഖ്യമന്ത്രി കമല്‍ നാഥിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കാബിനറ്റ് അംഗീകാരം നല്‍കി. മധ്യപ്രദേശ് നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ തന്നെ ഇത് കൊണ്ടുവരാനാണ് നീക്കം.

പുതിയ നിയമമനുസരിച്ച് പശുവിന്റെ പേരില്‍ ആരെങ്കിലും അക്രമം നടത്തിയതായി ബോധ്യപ്പട്ടാല്‍ ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 25000 മുതല്‍ 50000 രൂപ വരെ പിഴയും ഒടുക്കേണ്ടി വരും. കൂടാതെ ഇത്തരം അക്രമങ്ങളില്‍ ജനക്കൂട്ടം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ തടവ് ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയായിരിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ ഇരട്ടിയായിരിക്കും ശിക്ഷയെന്നും ശുപാര്‍ശയിലുണ്ട്.

മോദി സര്‍ക്കാര്‍ ആദ്യമായി അധികാരം ഏറ്റതു മുതല്‍ ഉത്തരേന്ത്യയില്‍ ആകമാനം പശുക്കളുടെ പേരിലുള്ള അക്രമങ്ങള്‍ അരങ്ങേറുകയാണ്. ഇതിനകം തന്നെ ഡസന്‍ കണക്കിന് പേരെയാണ് പശു സംരക്ഷകരെന്ന ലേബലില്‍ ഹിന്ദു സംഘടനകള്‍ വക വരുത്തിയത്.