മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് തമിഴ്‌നാടിന്റെ സ്‌നേഹം; സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരം വരുന്നത് 60 ലോഡ് അവശ്യവസ്തുക്കള്‍

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കെടുതി അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി തമിഴ്‌നാടിന്റെ സഹായം. ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരം അവശ്യസാധനങ്ങള്‍ കേരളത്തിലേക്ക് അയക്കും.

സ്റ്റാലിന്റെ നിര്‍ദേശമനുസരിച്ച് ആദ്യഘട്ടത്തില്‍ ശേഖരിച്ച 60 ലോഡ് വസ്തുക്കളാണ് കേരളത്തിലേക്ക് അയക്കുക. അരി, പലവ്യഞ്ജനം, വസ്ത്രം, സാനിറ്ററി നാപ്കിന്‍, ജീവന്‍രക്ഷാ മരുന്നുകള്‍, പഠനസാമഗ്രികള്‍ തുടങ്ങിയവയാണ് പ്രവര്‍ത്തകര്‍ ശേഖരിച്ചത്.

അറുപത് ലോഡ് സാധനങ്ങള്‍ ഇന്നലെ വൈകീട്ട് പാര്‍ട്ടി ആസ്ഥാനമായ ചെന്നൈ അണ്ണ അറിവാലയത്തില്‍ നടന്ന ചടങ്ങില്‍ എം.കെ സ്റ്റാലിന്‍ കേരള സംസ്ഥാന സെക്രട്ടറി പുതുക്കോട്ടെ മുരുകേശന് കൈമാറി.