ലുലു ഗ്രൂപ്പിന്റെ പുതിയ മാള്‍ യുപിയില്‍; യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും

പ്രമുഖ വ്യവസായ ഗ്രൂപ്പായ ലുലുവിന്റെ പുതിയ മാള്‍ ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ തയ്യാറായി. ഇന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാള്‍ ഉദ്ഘാനം ചെയ്യും. 2018 ഫെബ്രുവരിയില്‍ സംസ്ഥാനത്ത് സംഘടിപ്പിച്ച മെഗാ നിക്ഷേപക ഉച്ചകോടിയില്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമാണിത്. 2000 കോടി രൂപയായിരുന്നു മാളിന്റെ നിര്‍മ്മാണ ചെലവ്.

ലുലു ഗ്രൂപ്പിന്റെ 235-ാമത് സംരംഭമാണ് യുപിയിലെ മാള്‍. ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ മാളും ഇതാണ്. 22 ലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന മെഗാ മാള്‍ 4,800 പേര്‍ക്ക് നേരിട്ടും 10,000 പേര്‍ക്ക് പരോക്ഷമായും തൊഴിലവസരം നല്‍കും. വിവിദ മേഖലകളിലെ പ്രമുഖ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന 220 കടകള്‍ മാളില്‍ ഉണ്ട്.

വിവിധങ്ങളായ ബ്രാന്‍ഡുകളുടെ 25 ഔട്ട്ലെറ്റുകള്‍ അടങ്ങുന്ന മെഗാ ഫുഡ് കോര്‍ട്ടില്‍ 1600 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സൗകര്യമുണ്ട്. ഏഴു ലക്ഷം ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന 11 നിലകളുള്ള പാര്‍ക്കിംഗ് മാളില്‍ ഉണ്ടെന്നും മാളിന്റെ 11 സ്‌ക്രീനുകളുള്ള പിവിആര്‍ സൂപ്പര്‍പ്ലെക്‌സ് ഈ വര്‍ഷം അവസാനം ആരംഭിക്കുമെന്ന് ലഖ്‌നൗവിലെ ലുലു മാള്‍ ജനറല്‍ മാനേജര്‍ സമീര്‍ വര്‍മ അറിയിച്ചു.

Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലും പ്രയാഗിലുമുള്ള മാളുകളാണ് ലുലു ഗ്രൂപ്പിന്റെ അടുത്ത മെഗാ പ്രോജക്ടുകള്‍. രണ്ട് പദ്ധതികള്‍ക്കായുള്ള ഭൂമി ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്നും അടുത്ത ആറ് മാസത്തിനുള്ളില്‍ രണ്ട് പദ്ധതികളും ആരംഭിക്കുമെന്നും മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി നന്ദ് കുമാര്‍ പറഞ്ഞു. ഗ്രേറ്റര്‍ നോയിഡയിലെ ലുലു ഗ്രൂപ്പിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിന് 500 കോടി രൂപ മുതല്‍മുടക്കും.