ലോക്സഭയിൽ കേരളത്തിൽ നിന്നുള്ളവർ ഉൾപ്പെടെ ഏഴ് കോൺഗ്രസ് എം. പിമാർക്ക് സസ്പെന്ഷൻ

ലോക്സഭയിൽ ഏഴ് കോൺഗ്രസ് എം.പിമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. സ്പീക്കറുടെ കസേരയിലേക്ക് പേപ്പറുകൾ എറിഞ്ഞതിനും ബഹളം വെച്ചതിനുമാണ് തുടർന്നുള്ള സഭാ സെഷനിൽ നിന്നും ഇവരെ സസ്പെൻഡ് ചെയ്തുത്. തിങ്കളാഴ്ച ആരംഭിച്ച ബജറ്റ് സെഷന്റെ രണ്ടാം പകുതി ഏപ്രിൽ 3- ന് അവസാനിക്കും.

രാജ്‌മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, ബെന്നി ബഹന്നാൻ, ടി.എൻ പ്രതാപൻ, ഹൈബി ഈഡൻ, മണിക് ടാഗൂർ, ഗൗരവ് ഗോഗോയ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞയാഴ്ച ഡൽഹിയിൽ നടന്ന കലാപത്തെക്കുറിച്ച് സഭയിൽ ചർച്ച ആവശ്യപ്പെട്ടിരുന്ന പ്രതിപക്ഷ പാർട്ടികൾ ഹോളിക്ക് മുമ്പായി ചർച്ച നടത്താൻ സ്പീക്കർ വിസമ്മതിച്ചതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

അത്തരമൊരു ചർച്ചയ്ക്കുള്ള സമയമല്ലിതെന്ന് വാദിച്ച സ്പീക്കർ ഹോളിക്ക് തൊട്ടടുത്ത ദിവസം മാർച്ച് 11- ന് ചർച്ചയാവാം എന്ന് പറയുകയായിരുന്നു. സ്‌പീക്കറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചതിനാൽ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതി ആരംഭിച്ചതു മുതൽ സഭ ആവർത്തിച്ചു സ്തംഭിക്കപ്പെട്ടു.