കാര്‍ഷിക-വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളും, ആദായനികുതി പരിധി എട്ടു ലക്ഷമാക്കി ഉയര്‍ത്തും; ജനകീയ പ്രഖ്യാപനവുമായി ഡി.എം.കെ പ്രകടനപത്രിക

കാര്‍ഷിക കടങ്ങളും കര്‍ഷകരുടെ മക്കളുടെ വിദ്യാഭ്യാസ വായ്പകളും എഴുതിത്തള്ളുമെന്ന  വാഗ്ദാനവുമായി ഡിഎംകെയുടെ പ്രകടന പത്രിക. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനാണ് ഇന്ന് പ്രകടന പത്രിക പ്രകാശനം ചെയതത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനത്തിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രഖ്യാപനം. നേരത്തെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയിരുന്നു.

ആദായ നികുതി പരിധി നിലവിലെ അഞ്ച് ലക്ഷത്തില്‍ നിന്ന് എട്ട് ലക്ഷം ആക്കി ഉയര്‍ത്തുമെന്നും ഡിഎംകെയുടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. സ്ത്രീകള്‍ക്കും അംഗപരിമിതര്‍ക്കും ഇത് പത്ത് ലക്ഷമാക്കി ഉയര്‍ത്തും.

ദിനംപ്രതി വര്‍ധിക്കുന്ന പാചകവാതക വില നിര്‍ണയ രീതിയില്‍ മാറ്റം വരുത്തും. സ്‌കൂള്‍- കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ട്രെയിനില്‍ സൗജന്യ യാത്ര ഏര്‍പ്പെടുത്തും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് ചെറുകിട ബിസിനസ് തുടങ്ങാന്‍ 50,000 രൂപ വീതം നല്‍കും. പ്രൈവറ്റ് സെക്ടറില്‍ റിസര്‍വേഷന്‍ കൊണ്ടുവരും. മധുര, ത്രിച്ചി, കോയമ്പത്തൂര്‍, സേലം തുടങ്ങിയ നഗരങ്ങളില്‍ മെട്രോ റെയില്‍ കൊണ്ടു വരും തുടങ്ങിയ ഒട്ടേറെ വാഗ്ദാനങ്ങളാണ് ഡിഎംകെയുടെ പ്രകടന പത്രികയിലുള്ളത്.