ജോലിസമയം കഴിഞ്ഞു; ട്രെയിന്‍ പാതിവഴിയില്‍ നിര്‍ത്തി ലോക്കോപൈലറ്റ് കടന്നു

തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ സീര്‍ക്കാഴിക്കു സമീപം ട്രെയിന്‍ ഉപേഷിച്ച് എഞ്ചിന്‍ ഡ്രൈവര്‍ കടന്നു. വൈദ്ദീശ്വരന്‍കോവില്‍ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് അധികസമയ ജോലിയെന്ന് ആരോപിച്ച് എഞ്ചിന്‍ ഡ്രൈവര്‍ ട്രെയിന്‍ പാതിവഴിക്ക് നിര്‍ത്തിയിട്ട് കടന്നുകളഞ്ഞത്.

നെയ് വേലിയില്‍ നിന്ന് ലിഗ്‌നൈറ്റുമായി കാരയ്ക്കല്‍ തുറമുഖത്തേക്കു പോകുകയായിരുന്ന ട്രെയിനാണ് വഴിയില്‍ കിടന്നത്. രാത്രി 7.30 ഓടെ വൈദ്ദീശ്വരന്‍കോവില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിനിന് കടന്നു പോകാന്‍ സിഗ്‌നല്‍ ലഭിച്ചു. പക്ഷേ ഏറെ നേരം കഴിഞ്ഞിട്ടും ട്രെയിന്‍ മുന്നോട്ടെടുത്തില്ല. തുടര്‍ന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ സമീപിച്ചപ്പോഴാണ് തന്റെ ജോലിസമയം കഴിഞ്ഞതായി ലോക്കോ പൈലറ്റ് ഡ്രൈവര്‍ മുത്തുരാജ് പറയുന്നത്.

11 മണിക്കൂറാണ് ജോലി സമയമെന്നും ഇപ്പോള്‍ 15 മിനിറ്റ് താന്‍ അധികം ജോലി ചെയ്തുവെന്നും അസാധാരണ പ്രതിഷേധം നടത്തിയ മുത്തുരാജ് പറഞ്ഞു. ട്രെയിന്‍ പാതിവഴിയിലായതോടെ റൂട്ടിലെ ട്രെയിന്‍ ഗതാഗതം രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു. തിരുപ്പതി – കാരയ്ക്കല്‍ എക്‌സപ്രസ് അടക്കമുള്ള പ്രധാന വണ്ടികളെല്ലാം മുടങ്ങി. സമീപത്തെ ലെവല്‍ക്രോസ് അടിച്ചിടുക കൂടി ചെയ്തതോടെ ഈ ഭാഗത്ത് റോഡ് ഗതാഗതവും മുടങ്ങി. പിന്നീട് ഏറെ നേരത്തെ നിര്‍ബന്ധത്തിനു വഴങ്ങി മുത്തുരാജ് തന്നെയാണ് തൊട്ടടുത്തുള്ള മായാവരം സ്റ്റേഷനിലേക്ക് വണ്ടി മാറ്റിയിട്ടത്. തുടര്‍ന്ന് ഗതാഗതം പുന:സ്ഥാപിച്ചു.