രോഗബാധ ഏറെയുള്ള മേഖലകളിൽ അടച്ചിടൽ തുടർന്നേക്കും, മറ്റിടങ്ങളിൽ ഘട്ടംഘട്ടമായി മാത്രം സാധാരണനിലയിലേക്ക്

കൊറോണ വെെറസ് പ്രതിരോധത്തിൻറെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൌൺ നീട്ടിയേക്കില്ല. രോഗബാധ ഏറ്റവും കൂടുതൽ സ്ഥിരീകരിച്ച മേഖലകളിൽ ഇപ്പോഴുള്ള നിയന്ത്രണം നിലനിർത്തും. മറ്റു മേഖലകളിൽ ഘട്ടംഘട്ടമായി സാധാരണനില കൈവരിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാനാണ് ആലോചന.

ഇക്കാര്യത്തിൽ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് കേന്ദ്രസർക്കാരുമായി കൂടിയാലോചിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിലാണ് ഇതു സംബന്ധിച്ച് ധാരണയുണ്ടായത്. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.

ഈ മാസം 15-ന് അടച്ചിടൽ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കിയതായി അരുണാചൽപ്രദേശ് മുഖ്യമന്ത്രി പെമാ ഖണ്ഡു ട്വീറ്റ് ചെയ്തെങ്കിലും തൊട്ടുപിന്നാലെ പിൻവലിച്ചു. അടച്ചിടൽ അവസാനിച്ചു കഴിഞ്ഞാൽ ജനജീവിതം പെട്ടെന്നു .തന്നെ സാധാരണനിലയിലാക്കാൻ കഴിയില്ല. ചില നിയന്ത്രണങ്ങൾ തുടരേണ്ടി വരും. ഇത് ഉറപ്പു വരുത്തുന്നതിനായി കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് ഒരു പൊതുതന്ത്രം രൂപപ്പെടുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചു.

അടച്ചിടൽ ഉണ്ടാക്കിയ സാഹചര്യത്തിൽ നിന്ന് ഘട്ടംഘട്ടമായി പുറത്തുവരുന്നതിനാണ് തന്ത്രം രൂപപ്പെടുത്തുന്നത്. കുറച്ചുകാലം ജാഗ്രത തുടരുക തന്നെ വേണം -പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ്-19 ചർച്ചചെയ്യാൻ രണ്ടാംവട്ടമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നത്. കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിൽ സംസ്ഥാനങ്ങൾ ഒരു ടീമിനെ പോലെ കൈകോർത്ത് പ്രവർത്തിക്കുന്നത് അഭിനന്ദനാർഹമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മരണസംഖ്യ ഏറ്റവും കുറയ്ക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യം. ആഗോളസാഹചര്യം ഇപ്പോഴും പ്രശ്നസങ്കീർണമാണ്. ചില രാജ്യങ്ങളിൽ വൈറസ് രണ്ടാംവട്ടവും വ്യാപിക്കാനുള്ള സാധ്യതയുണ്ട്.

കോവിഡ് വ്യാപനം തടയാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു.