കൊറോണ ബാധിതൻ മരിച്ചു; ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം

ഹൈദരബാദിൽ കൊറോണ രോ​ഗബാധിതനായ നാൽപ്പത്തൊമ്പതുകാരൻ മരിച്ചതിനെ തുടർന്ന് ഡോക്ടർമാർക്കും ആരോ​ഗ്യപ്രവർത്തകർക്കും നേരെ ആക്രമണം.

ഹൈദരാബാദ് ഗാന്ധി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഒരാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നൽപ്പത്തൊമ്പതുകാരൻ മരിച്ചതിന് കാരണം ഡോക്ടർമാരാണെന്ന് ആരോപിച്ച് രണ്ടു ബന്ധുക്കൾ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

ഇത്തരം സംഭവങ്ങള്‍ പെരുകുകയാണെന്നും തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയോട് ഡോക്ടര്‍മാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് തെലങ്കാന ഡിജിപി അറിയിച്ചു.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൊറോണ സമ്പര്‍ക്ക പട്ടികയിലുള്ളവരെ ചെന്നു കണ്ട് ക്വാറന്റൈനിലാക്കാന്‍ ശ്രമിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണമുണ്ടായി. ടാഠ് പഠി ബാക്കല്‍ മേഖലയിലായിരുന്നു സംഭവം.രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്കു നേരെ കയ്യേറ്റമുണ്ടായി. പോലീസെത്തിയാണ് ഇവരെ രക്ഷിച്ചത്.

ഇവിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെ കല്ലേറുമുണ്ടായെന്ന് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. ഇൻഡോറിൽ ആരോഗ്യപ്രവർത്തകർക്കു നേരെ നടന്നത് ആൾക്കൂട്ടാക്രമണമാണെന്ന് എ.എൻ.ഐ. പുറത്തുവിട്ട ദൃശ്യങ്ങളിൽ കാണാം. പോലീസ് സംഭവത്തില്‍ കേസെടുത്തു.