"ബാബറി മസ്ജിദ് പൊളിച്ചു മാറ്റിയതിൽ അദ്വാനിയും ബി.ജെ.പിയുടെ മറ്റ് മുതിർന്ന നേതാക്കളും കുറച്ചു കാലം പശ്ചാത്തപിച്ചിരുന്നു": ബി.ജെ.പി മുൻ നേതാവ് യശ്വന്ത് സിൻഹ

അയോദ്ധ്യ വിഷയത്തിൽ സുപ്രീം കോടതിയുടെ വിധി തെറ്റായിരുന്നുവെന്നും എന്നാൽ മുസ്ലിം സമൂഹം വിധി അംഗീകരിക്കണമെന്നും ബി.ജെ.പി മുൻ നേതാവ് യശ്വന്ത് സിൻഹ പറഞ്ഞു. മുംബൈ ലിറ്റ് ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു സിൻഹ.

“സുപ്രീം കോടതിയുടെ വിധി തെറ്റായ ഒന്നാണ്, അതിൽ നിറയെ പിഴവുകളാണ്, പക്ഷേ വിധി അംഗീകരിച്ച് മുന്നോട്ട് പോവണമെന്ന് ഞാൻ ഇപ്പോഴും മുസ്ലിം സമൂഹത്തോട് ആവശ്യപ്പെടും. നമുക്ക് മുന്നോട്ട് പോകാം. സുപ്രീം കോടതി വിധിക്ക് ശേഷം ഒരു വിധിയും ഇല്ല” ചരിത്രപരമായ വിധിയെ കുറിച്ചുള്ള തന്റെ വീക്ഷണം യശ്വന്ത് സിൻഹ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

അതേസമയം, അയോദ്ധ്യ രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ അവകാശവാദം ഏറ്റെടുക്കുന്നതിന് മുമ്പ്, കുറച്ചു കാലം ബാബറി മസ്ജിദ് പൊളിച്ചു മാറ്റിയതിൽ എൽ കെ അദ്വാനിയും ബിജെപിയുടെ മറ്റ് മുതിർന്ന നേതാക്കളും പശ്ചാത്തപിച്ചിരുന്നതായി സിൻഹ അവകാശപ്പെട്ടു.

1993-ൽ ബി.ജെ.പിയിൽ ചേരുമ്പോൾ അതൊരു വർഗീയ പാർട്ടിയാണെന്ന തിരിച്ചറിവോടെ തന്നെയാണ് ചേർന്നതെന്നും കോൺഗ്രസിന്റെ അഴിമതിയേക്കാൾ ഭേദമായിരിക്കും അതെന്നും കരുതിയിരുന്നതായി യശ്വന്ത് സിൻഹ പറഞ്ഞു.

തർക്കത്തിലുള്ള 2.77 ഏക്കർ ഭൂമി മൂന്ന് കക്ഷികളിൽ ഒരു കക്ഷിയായ രാം ലല്ലയ്ക്ക് കൈമാറണമെന്ന് നവംബർ 9- ന് ബാബറി മസ്ജിദ്-രാം ജന്മഭൂമി ഭൂമി തർക്ക കേസിൽ സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു. സുപ്രീംകോടതിയുടെ വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുമെന്നും പള്ളിക്ക് നൽകിയ അഞ്ച് ഏക്കർ ബദൽ ഭൂമി സ്വീകരിക്കില്ലെന്നും അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ് ഇന്നലെ വ്യക്തമാക്കിയിരുന്നു.