വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തനിയെ തിരിച്ചെത്തി. സിംഹം ആരോഗ്യവാനാണെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും മൃഗശാല ഡയറക്ടർ പറഞ്ഞു. 1490 ഏക്കറിലായി സ്ഥിതി ചെയ്യുന്ന വണ്ടല്ലൂർ മൃഗശാലയിലെ അഞ്ചര വയസുള്ള സിംഹത്തെ വെള്ളിയാഴ്ചയാണ് കാണാതായത്.
നടൻ ശിവകാർത്തികേയൻ ദത്തെടുത്തിരുന്ന സിംഹമാണിത്. കഴിഞ്ഞ വർഷം ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്നതാണിതിനെ. കാണാതായത് മുതൽ സിംഹത്തെ പാർപ്പിച്ചിരിക്കുന്ന 50 ഏക്കർ പരിധിയിൽ അഞ്ച് സംഘങ്ങളായി പരിശോധന നടത്തിവരികയായിരുന്നു.
ഇതിനിടെയാണ് സിംഹം തിരികെ കൂട്ടിൽ തിരിച്ചെത്തിയത്. സിംഹത്തെ കണ്ടെത്താനായി തെർമൽ ഇമേജിംഗ് ഡ്രോണും പത്ത് ക്യാമറകളും സ്ഥാപിച്ചിരുന്നു. സിംഹം കൂട്ടിലേക്ക് തിരികെയെത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.