ഫെയ്‌സ്ബുക്കും വാട്‌സ് ആപ്പും ആധാറുമായി ബന്ധിപ്പിക്കണം; കേന്ദ്രം കോടതിയില്‍

സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കാന്‍ ഇത് ആവശ്യമാണെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അറിയിച്ചു.

സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈക്കോടതികളില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതിയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫെയ്സ്ബുക്ക് നല്‍കിയ അപേക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കാന്‍ സംവിധാനങ്ങളിലെന്ന് കമ്പനികള്‍ തന്നെ സമ്മതിക്കുന്നുണ്ടെന്ന് കെ.കെ വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ നീക്കം സ്വകാര്യതയിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഫെയ്‌സ്ബുക്കും വാട്‌സ് ആപ്പും അറിയിച്ചു.

വ്യാജ വാര്‍ത്തകളും പോസ്റ്റുകളും തടയാന്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ബിജെപി നേതാവ് അശ്വനി ഉപാധ്യായയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിന്നു.

രാജ്യത്ത് നിലവില്‍ 3.5 കോടി ട്വിറ്റര്‍, 32.5 കോടി ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുണ്ട്. ഇതില്‍ പത്ത് ശതമാനം അക്കൗണ്ടുകളും വ്യാജമാണെന്നാണ് സോഷ്യല്‍ മീഡിയ വിദഗ്ധര്‍ പറയുന്നത്. ഇത്തരം അക്കൗണ്ടുകള്‍ വഴിയാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചാല്‍ വ്യാജന്‍മാരെ നേരിടാമെന്നാണ് കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറയുന്നത്.

രാജ്യത്ത് സമൂഹ മാധ്യമങ്ങള്‍ വഴി സംഭവിക്കുന്ന അക്രമങ്ങളും കലാപങ്ങളും ഇതുവഴി തടയാനാവും. സെലിബ്രിറ്റികളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളും അതില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന കണ്ടന്റുകളുടെ ഉദ്ദേശ്യശുദ്ധിയും ഇതിലൂടെ തിരിച്ചറിയാന്‍ കഴിയുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.