കാർഷിക നിയമങ്ങൾ ഒന്നോ രണ്ടോ വര്‍ഷം നടപ്പാക്കി നോക്കാം, പിന്നെ വേണ്ടെങ്കില്‍ വേണ്ട; കര്‍ഷകരോട് രാജ്‌നാഥ് സിംഗ്

കര്‍ഷക സമരം തുടരുന്നതിനിടയില്‍, കാര്‍ഷിക നിയമങ്ങള്‍ ഒരു വര്‍ഷത്തേക്കോ മറ്റോ നടപ്പാക്കാന്‍ അനുവദിക്കണമെന്ന അഭ്യർത്ഥിച്ച് കേന്ദ്രമന്ത്രി രാജ്‌നാഥ്‌ സിംഗ്. നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പ്രയോജനകരമല്ലെങ്കില്‍ ഭേദഗതികള്‍ വരുത്താമെന്നും  രാജ്‌നാഥ് സിംഗ് പറഞ്ഞു. കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍, ഡല്‍ഹിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാജ്‌നാഥ് സിംഗ്.

താന്‍ ഒരു കര്‍ഷകന്റെ മകനാണെന്നും മോദി സര്‍ക്കാര്‍ കര്‍ഷകരുടെ താത്പര്യത്തിന് നിരക്കാത്ത ഒന്നും ചെയ്യില്ലെന്നും ദ്വാരകയില്‍ നടന്ന റാലിക്കിടെ രാജ്‌നാഥ് സിംഗ് പറഞ്ഞു. ധര്‍ണകളില്‍ പങ്കെടുക്കുന്ന എല്ലാ കര്‍ഷകരും കര്‍ഷക കുടുംബങ്ങളില്‍ ജനിച്ചവരാണ്. അവരോട് വളരെയധികം ബഹുമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പ്രശ്‌നങ്ങളും നമ്മുക്ക് തുറന്ന ചര്‍ച്ചയിലൂടെ പരിഹരിക്കാനാകും. കാര്‍ഷിക നിയമങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കാനാണ് സര്‍ക്കാര്‍ വിളിക്കുന്നത്. ഒന്നോ രണ്ടോ വര്‍ഷം ഈ നിയമങ്ങള്‍ നടപ്പിലാക്കി നോക്കൂ. ഒരു ശ്രമമായി, ഒരു പരീക്ഷണമായി ഇതിനെ കാണാമല്ലോ. ഇവ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നില്ല എന്നു തന്നെയാണ് പിന്നെയും നിങ്ങള്‍ക്കു തോന്നുന്നതെങ്കില്‍ സാദ്ധ്യമായ എല്ലാ ഭേദഗതിയും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു.താങ്ങുവിലയെ കുറിച്ചുള്ള തെറ്റിധാരണകളെല്ലാം അവസാനിക്കുമെന്നും രാജ്‌നാഥ് പറഞ്ഞു. പ്രധാനമന്ത്രി അത് ഉറപ്പു നല്‍കി കഴിഞ്ഞുവെന്നും ഇപ്പോള്‍ താനും താങ്ങുവില ഇല്ലാതാക്കില്ല എന്ന് ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന പ്രതിഷേധത്തെ ചെറുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്.