ഐതിഹാസിക വിജയം; കർഷകർ ഉപരോധം അവസാനിപ്പിച്ചു, ശനിയാഴ്ച വിജയാഘോഷം

ചരിത്രം വിജയം കൈവരിച്ച്, ഒരു വർഷത്തിലധികം നീണ്ടു നിന്ന കർഷക സമരം അവനാസിപ്പിച്ചു. വിവാദമായ മൂന്ന് കൃഷി നിയമങ്ങൾക്കെതിരെ സമരം ചെയ്ത കർഷകരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രസർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ ഡൽഹി അതിർത്തിയിലെ ഉപരോധം കർഷകർ അവസാനിപ്പിക്കും. സംയുക്ത കിസാൻമോർച്ച യോഗത്തിലാണ് തീരുമാനം.

മരിച്ച കര്‍ഷകരോടുളള ആദരസൂചകമായി നാളെ ആദരാഞ‌്ജലി ദിനം ആചരിക്കും. ശനിയാഴ്ച വിജയാഘോഷം നടത്തിയ ശേഷമാകും കർഷകർ അതിർത്തി വീട്ട് വീടുകളിലേക്ക് മടങ്ങുക.ഞങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചതിനാൽ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലുള്ള കർഷക പ്രക്ഷോഭം താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് കർഷക നേതാവ് ഗുർനാം സിംഗ് ചധുനി പറഞ്ഞു.

ജനുവരി 15ന് അവലോകന യോഗം ചേരും. വാഗ്ദാനങ്ങളിൽ നിന്ന് കേന്ദ്രം പിന്മാറിയാൽ പ്രക്ഷോഭം പുനരാരംഭിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംയുക്ത കിസാന്‍ മോര്‍ച്ച മാസം തോറും അവലോകന യോഗങ്ങൾ നടത്തുമെന്നും അതനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക സംഘടനകള്‍ വ്യാഴാഴ്ച വൈകിട്ട് 5:30 ന് വിജയ പ്രാര്‍ത്ഥന നടത്തും. ഡിസംബര്‍ 11 ന് രാവിലെ 9 മണിയോടെ ഡല്‍ഹിയുടെ അതിര്‍ത്തികളായ സിംഘുവിലും തിക്രിയിലുമുള്ള സമര കേന്ദ്രങ്ങളില്‍ വിജയ മാര്‍ച്ചും ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കര്‍ഷക സംഘടനാ വൃത്തങ്ങള്‍ അറിയിച്ചു.

ആറ് ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബര്‍ 21 ന് പ്രധാനമന്ത്രി മോദിക്ക് സംയുക്ത കിസാന്‍ മോര്‍ച്ച അയച്ച കത്തിനെ തുടര്‍ന്ന് കേന്ദ്രം കഴിഞ്ഞ ദിവസമാണ് അഞ്ചംഗ സമിതിക്ക് രേഖാമൂലമുള്ള ഉറപ്പ് നല്‍കിയത്.