ലാവലിൻ കേസിൽ വാദം കേൾക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം; കേസ് സുപ്രീംകോടതി പരിഗണിക്കും

Advertisement

മുഖ്യമന്ത്രി പിണറായി വിജയന്‍ എതിര്‍കക്ഷിയായ ലാവ്‌ലിന്‍ കേസില്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്നും ആയിരുന്നു സിബിഐയുടെ ആവശ്യം. ഇന്ന് കേസില്‍ വാദത്തിന് തയാറാണെന്ന് സിബിഐ സുപ്രിംകോടതിയില്‍ വ്യക്തമാക്കും.

ഇരുപതിലധികം തവണ മാറ്റിവയ്ക്കപ്പെട്ട ലാവ്‌ലിന്‍ കേസിലെ അപ്പീലില്‍ ഇന്ന് സിബിഐ സുപ്രിംകോടതിയില്‍ വാദം പറയും. കേസില്‍ വാദം നടത്തുന്നതിന് മുന്നോടിയായി സിബിഐ ഉദ്യോഗസ്ഥരെ അഭിഭാഷകര്‍ ഇന്നലെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. തുഷാര്‍ മേത്തയാവും കോടതിയില്‍ സിബിഐക്കായി ഹാജരാവുക. ഹൈക്കോടതി ഉള്‍പ്പെടെ രണ്ട് കോടതികള്‍ തള്ളിയ കേസ് ആയതിനാല്‍ ശക്തമായ തെളിവുകള്‍ ഉണ്ടെങ്കിലെ കേസില്‍ തുടര്‍വാദം സാധ്യമാകൂ എന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ നല്‍കിയ ഹര്‍ജി. പ്രതിപട്ടികയിലുള്ള കസ്തൂരിരംഗ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയും ഈ കേസിനൊപ്പം സുപ്രിംകോടതി പരിഗണിക്കും.