ട്രഷറി തട്ടിപ്പു കേസിൽ ലാലു പ്രസാദ് യാദവിന് ജാമ്യം; ജയിൽ മോചിതനായേക്കും

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡുംക ട്രഷറി തട്ടിപ്പ് കേസിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം.

ഝാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡുംക ട്രഷറിയിൽ നിന്ന് 3.13 കോടി രൂപ തട്ടിച്ചെന്ന കോസിലാണ് ജാമ്യം ലഭിച്ചത്.

ഇതോടെ ലാലു പ്രസാദ് ജയിൽ മോചിതനായേക്കും. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലു കേസുകളിൽ ശിക്ഷിക്കപ്പെട്ട ലാലുവിന് മറ്റു മൂന്ന് കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

1991 നും 1996 നും ഇടയിൽ ലാലു യാദവ് മുഖ്യമന്ത്രിയായിരുന്നപ്പോൾ ബിഹാറിലെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ഡുംകക ട്രഷറിയിൽനിന്ന് ഫണ്ട് എടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്.

2017 ഡിസംബർ മുതൽ ജയിലിൽ കഴിയുന്ന ലാലുപ്രസാദ് ജാർഖണ്ഡിലെ രാജേന്ദ്ര ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലാണ് ജയിൽ ശിക്ഷ അനുഭവിച്ചത്.

ആരോഗ്യം മോശമായതിനെത്തുടർന്ന് ജനുവരിയിൽ അദ്ദേഹത്തെ ഡൽഹിയിലേക്ക് കൊണ്ടുവരികയായിരുന്നു.