വിശാല പ്രതിപക്ഷ സഖ്യം ജയിച്ചാല്‍ കന്നഡിഗ പ്രധാനമന്ത്രിയെന്ന് കുമാരസ്വാമി; വെട്ടിലായത് കോണ്‍ഗ്രസ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷ സഖ്യം ജയിച്ചാല്‍ കന്നഡിഗ പ്രധാനമന്ത്രിയെന്ന കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസിന് അതൃപ്തി. എല്ലാവരും കോണ്‍ഗ്രസ് ദള്‍ സഖ്യത്തിന് വോട്ട് ചെയ്യണം. സംസ്ഥാനത്തെ 28 സീറ്റില്‍ 20 എണ്ണവും നേടിയാല്‍ ഇക്കുറി കന്നഡിഗ പ്രധാനമന്ത്രി രാജ്യം ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനതദള്‍ എസ് നേതാവും അച്ഛനുമായ എച്ച് ഡി ദേവഗൗഡയ്ക്ക് വേണ്ടിയാണ് കുമാരസ്വാമിയുടെ ഒളിയമ്പ്. വിശാല പ്രതിപക്ഷ സഖ്യത്തിന്റെ നേതാവായി രാഹുലിനെ അവരോധിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്തെങ്കിലും കാരണത്താല്‍ വിശാല പ്രതിപക്ഷ സഖ്യം ജയിക്കുകയും രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിന് തടസം വരുകയും ചെയ്താല്‍ വീണ്ടും മന്‍മോഹന്‍ സിംഗിനെയോ മറ്റു കോണ്‍ഗ്രസ് നേതാക്കളെയോ പരിഗണിക്കാമെന്നാണ് പാര്‍ട്ടി കരുതുന്നത്.

ഇതിനകം വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് സഖ്യത്തിന്റെ ഭാഗമായ നേതാക്കള്‍ പ്രസ്താവനകള്‍ തുടങ്ങിയിട്ടുണ്ട്. ഇതും കോണ്‍ഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്.