പാകിസ്താന്‍ കുല്‍ഭൂഷന്റെ കുടുംബത്തെ അപമാനിച്ചെന്ന് സുഷമ സ്വരാജ്

കുല്‍ഭൂഷന്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തെ പാകിസ്താന്‍ അപമാനിച്ചെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കുല്‍ഭൂഷന്‍ ജാദവിന്റെ കുടുംബത്തിന്റെ മനുഷ്യാവകാശങ്ങളെ പാകിസ്താന്‍ ലംഘിച്ചു. ഇതു സംബന്ധിച്ച് പാകിസ്താനെ പ്രതിഷേധം അറിയിച്ചതായും രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ സുഷമ പറഞ്ഞു.

കുല്‍ഭൂഷന്‍ ജാദവിന്റെ ഭാര്യ ചേതന്‍കുലിന്റെ ചെരുപ്പില്‍ ക്യാമറയോ ചിപ്പോ ഉണ്ടായിരുന്നുവെന്നു പാകിസ്താന്‍ പറയുന്നത് പച്ചക്കള്ളമാണ്. ആ ഷൂസും ധരിച്ച്  രണ്ട് വിമാനങ്ങള്‍ മാറിക്കയറിയാണ് അവര്‍ പാകിസ്താനിലെത്തിയത്. പാകിസ്താനിലെത്തിയ കുടുംബത്തെ അവര്‍ ഭയപ്പെടുത്തി. ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്റെ നില മോശമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനു പാകിസ്താനില്‍വച്ച് ഏല്‍ക്കേണ്ടിവന്ന അപമാനത്തില്‍ രാജ്യവും പാര്‍ലമെന്റും ഒരേ സ്വരത്തില്‍ പ്രതിഷേധിക്കുന്നുവെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദും പാകിസ്താന്റെ നടപടിയെ ശക്തമായി വിമര്‍ശിച്ചു. രാജ്യത്തെ സ്ത്രീകളെ ഒന്നാകെ അപമാനിക്കുകയാണ് പാകിസ്താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മറ്റു പ്രതിപക്ഷ നേതാക്കളും പാകിസ്താന്റെ നടപടിയെ ശക്തമായി വിമര്‍ശിച്ചുകൊണ്ടാണ് സഭയില്‍ സംസാരിച്ചത്.

Read more

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കുല്‍ഭൂഷണ്‍ ജാദവ് പാക് കസ്റ്റഡിയിലാകുന്നത്. ഇന്ത്യയുടെ ചാരസംഘടനയായ റോയുടെ ഉദ്യോഗസ്ഥനാണ് ജാദവ് എന്നാണ് പാക് ആരോപണം. ജാദവിന് സൈനിക കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇത് സ്റ്റേ ചെയ്തിരുന്നു.