മണ്ണിടിച്ചില്‍; കൊങ്കണ്‍ റെയില്‍പാത അടച്ചു, അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ ഏതാനും ദിവസങ്ങള്‍ വേണ്ടിവരുമെന്ന് അധികൃതര്‍

മംഗളൂരുവിനു സമീപം റെയില്‍വേ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണതിനെത്തുടര്‍ന്ന് കൊങ്കണ്‍ റെയില്‍പാത അടച്ചു. നിലവില്‍ പുറപ്പെട്ട ട്രെയിനുകള്‍ കടത്തിവിട്ടതിന് ശേഷമാണ് പാത അടച്ചത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ ഏതാനും ദിവസങ്ങള്‍ വേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ സര്‍വീസ് പുനരാരംഭിക്കില്ലെന്ന് റെയില്‍വേ അറിയിച്ചു. കനത്ത മഴയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പടീല്‍ കുലശേഖര റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയിലാണ് പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണത്.

ലോകമാന്യതിലക് തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ്, എറണാകുളം പുന്നൈ എക്‌സ്പ്രസ്, എറണാകുളം നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ വേഗം കുറച്ച് പകല്‍ ഇതുവഴി കടത്തിവിട്ടിരുന്നു. മംഗളൂരു സെന്‍ട്രല്‍, മംഗളൂരു ജങ്ഷന്‍ സ്‌റ്റേഷനുകളില്‍നിന്ന് അഞ്ച് ബസ്സുകളിലായി യാത്രക്കാരെ സൂറത്ത്കല്‍ സ്‌റ്റേഷനിലെത്തിച്ചു.

വെള്ളിയാഴ്ചത്തെ ലോകമാന്യതിലക്‌കൊച്ചുവേളി ഗരീബ് രഥ് (12201), എറാണാകുളം ഓഖ (16338), നിസാമുദ്ദീന്‍തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് (22634), ജാംനഗര്‍തിരുനെല്‍വേലി (19578), മഡ്‌ഗോണ്‍മംഗളൂരു പാസഞ്ചര്‍ ട്രെയിന്‍ (56641), മഡ്‌ഗോണ്‍മംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് (22635) എന്നീ ട്രെയിനുകളും ശനിയാഴ്ചത്തെ തിരുവന്തപുരംനിസാമുദ്ദീന്‍ എക്‌സ്പ്രസ് (22653), ഓഖ എറാണാകുളം (16337) എന്നീ ട്രെയിനുകളും റദ്ദാക്കി.