തമിഴ്നാട് വിഭജന വിവാദം: പ്രതിരോധം തീർക്കാൻ ഡി.എം.കെ, കൊങ്കുനാട് മേഖലയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ നീക്കം

തമിഴ്നാടിനെ വിഭജിച്ചു കൊങ്കുനാട് സംസ്ഥാനം രൂപീകരിക്കുമെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിൽ പ്രദേശത്ത് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താൻ ഒരുങ്ങി ഭരണ കക്ഷിയായ ഡി.എം.കെ. കൊങ്കുനാട് എ.ഐ.എ.ഡി.എം.കെയുടെ ശക്തികേന്ദ്രമാണ്. 1989-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജയലളിതയ്ക്കൊപ്പമാണ് കൊങ്കുനാട് നിലയുറപ്പിച്ചത്. ഇതുവരെ നേട്ടമുണ്ടാക്കാൻ ഡി.എം.കെ.യ്ക്ക് സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കൊങ്കുനാട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ഉള്ള നീക്കം ആരംഭിച്ചിരിക്കുന്നത്.

തമിഴ്‌നാടിനെ വിഭജിക്കാനാവില്ലെന്ന് ഡി.എം.കെ. നേതാക്കൾ ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്. മുൻകരുതലെന്ന നിലയിൽ കൊങ്കുനാട്ടിൽ കൂടുതൽ ശക്തിയാർജ്ജിക്കാൻ ഡി.എം.കെ. അടിത്തട്ടിൽ ശ്രമം തുടങ്ങിയിട്ടുണ്ട്.

കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നീലഗിരി, സേലം, നാമക്കൽ, കൃഷ്ണഗിരി, ധർമപുരി ജില്ലകൾ ഉൾപ്പെടുന്ന പടിഞ്ഞാറൻപ്രദേശമാണ് കൊങ്കുനാട് എന്നറിയപ്പെടുന്നത്. തമിഴ്‌നാട് വിഭജിച്ച് കൊങ്കുനാടെന്ന പേരിൽ കേന്ദ്രഭരണപ്രദേശം രൂപവത്കരിക്കുമെന്ന വാർത്തയാണ് ഇപ്പോൾ വിവാദങ്ങൾക്ക് ആധാരം. അണ്ണാ ഡി.എം.കെയുടെ ശക്തികേന്ദ്രമായ കൊങ്കുനാടിനെ കേന്ദ്രഭരണപ്രദേശമാക്കാൻ കേന്ദ്രം ശ്രമിക്കുന്നുണ്ടെന്ന് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതതോടെയാണ് വിവാദങ്ങൾക്ക് തുടക്കം.

ഡി.എം.കെ സർക്കാരിന് വെല്ലുവിളി ഉയർത്താനുള്ള നീക്കമാണിതെന്നാണ് വിലയിരുത്തൽ. എന്നാൽ, ഇത് ഭരണഘടനാപരമായി എളുപ്പമായിരിക്കില്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പല വിഷയങ്ങളിലും ഡി.എം.കെയും ബി.ജെ.പിയും തമ്മിൽ ഭിന്നതയുണ്ട്. കൊങ്കുനാട്ടിൽ ബി.ജെ.പി.ക്കും നേരിയ സ്വാധീനമുണ്ട്. തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ.യും ബി.ജെ.പി.യും സഖ്യത്തിലാണ്.

മുരുഗൻ കേന്ദ്രമന്ത്രിയായതോടെയാണ് കൊങ്കുനാട് വിവാദമുണ്ടായത്.  കൊങ്കുനാട് മേഖലയിലെ പ്രധാന നേതാക്കൾക്ക് പദവിനൽകി പ്രവർത്തനം ശക്തമാക്കാനാണ് ഡി.എം.കെ.യുടെ നീക്കം. കൊങ്കുനാട് മേഖലയിലെ പ്രമുഖനായ കാർത്തികേയ ശിവേസനാപതി ഡി.എം.കെ.യുടെ പരിസ്ഥിതി വിഭാഗം സംസ്ഥാന സെക്രട്ടറിയാണ്. കമൽഹാസന്റെ മക്കൾ മക്കൾ നീതിമയ്യം വൈസ് പ്രസിഡന്റായിരുന്ന മഹേന്ദ്രനും എ.ഐ.എ.ഡി.എം.കെ. മുൻ മന്ത്രി തോപ്പു വെങ്കിടാചലവും ഡി.എം.കെ.യിലെത്തി. കൊങ്കുനാട് കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡി.എം.കെ. മുതിർന്ന നേതാവിനെ ചുമതലപ്പെടുത്തുമെന്നും വിവരമുണ്ട്.

സംസ്ഥാനത്തിന്റെ വരുമാനത്തിൽ 45 ശതമാനം സംഭാവന ചെയ്യുന്ന മേഖല കൂടിയാണിത്. ഇറച്ചിക്കോഴിക്കും കോഴിമുട്ടയ്ക്കും പേരുകേട്ട നാമക്കൽ, വസ്ത്രനിർമ്മാണ മേഖലയായ തിരുപ്പൂർ, മഞ്ഞൾക്കൃഷിക്കു പേരുകേട്ട ഈറോഡ്, നിരവധി വ്യവസായസ്ഥാപനങ്ങളുളള കോയമ്പത്തൂർ എന്നീ പ്രദേശങ്ങൾ സർക്കാരിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഭരണത്തിന് ഭീഷണി ഉയർത്താനുളള ബി.ജെ.പി.യുടെ അടവാണ് വിഭജനവാർത്തയെന്നും അഭ്യൂഹമുണ്ട്.