കൊല്‍ക്കത്തയിലെ വ്യാപക അക്രമം; അമിത് ഷാ അടക്കമുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍, അക്രമം തുടങ്ങി വെച്ചത് ബി.ജെ.പി പ്രവര്‍ത്തകരെന്ന് തൃണമൂല്‍, വീഡിയോ പുറത്തു വിട്ടു

കൊല്‍ക്കത്തയില്‍ തിരഞ്ഞെടുപ്പ് റാലിയുടെ ഭാഗമായി ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അമിത് ഷായ്ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അമേര്‍സ്റ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലാണ് അമിത് ഷായുടെ പേരുള്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ അക്രമത്തിന് തുടക്കം കുറിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്ന് വ്യക്തമാക്കുന്ന വിഡിയോ തൃണമൂല്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് അക്രമത്തിന് തുടക്കം കുറിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യമുയര്‍ന്നു. അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇരു പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷനെ നേരത്തെ സമീപിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട അമേര്‍സ്റ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലും ജൊരാസന്‍കോ പൊലീസ് സ്റ്റേഷനിലുമായി രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ നിരവധി ബി.ജെ.പി നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കാവിവസ്ത്രം ധരിച്ച പ്രവര്‍ത്തകര്‍ കോളജുകളും കടകളും വാഹനങ്ങളും അടിച്ചു തകര്‍ക്കുന്നതിന്റെ വീഡിയോ ആണ് തൃണമൂല്‍ വക്താവ് ഡെറിക് ഒ ബ്രെയിന്‍ പുറത്തു വിട്ടത്. സംഭവത്തില്‍ അമിത് ഷാക്കെതിരെ കേസെടുക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ തൃണമൂല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.