ബലക്ഷയം പരിഹരിച്ചു; കൊച്ചി മെട്രോ സർവീസുകള്‍ ഇന്നു മുതല്‍ സാധാരണ നിലയില്‍

കൊച്ചി മെട്രോ സർവീസുകൾക്കുള്ള നിയന്ത്രണം പിൻവലിച്ചു. ഇടപ്പള്ളി പത്തടിപ്പാലത്തെ പില്ലറിന്റെ തകരാർ പരിഹരിച്ചതിനെ തുടർന്നാണ് നിയന്ത്രണം പിൻവലിച്ചത്. അറ്റകുറ്റപ്പണിക്ക് ശേഷമുള്ള പരിശോധനകൾ ഇന്നലെ രാത്രി പൂർത്തിയാക്കിയതോടെ ഇന്നുമുതൽ പൂർണ തോതിൽ സർവീസ് നടത്തുമെന്ന്‌ കൊച്ചി മെട്രോ അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊച്ചി മെട്രോ പാളത്തിന് ചെരിവുള്ളതായി കണ്ടെത്തിയത്. പത്തടിപ്പാലത്ത് 374ാം നമ്പർ തൂണിന് സമീപമാണ് ചെരിവ് കണ്ടെത്തിയത്. തുടർന്ന് അറ്റകുറ്റപ്പണി നടത്താൻ കൊച്ചി മെട്രോ തീരുമാനിക്കുകയായിരുന്നു. നാല് പൈലുകള്‍ അധികമായി സ്ഥാപിച്ച് പൈല്‍ ക്യാപ് മുഖേന ബന്ധിപ്പിച്ചാണ് തൂണിന്‍റെ അടിത്തറ ശക്തിപ്പെടുത്തിയത്.

ലോഡ് ടെസ്റ്റ് നടത്തി പൈലുകളുടെ ബലപരിശോധനയും ഓസിലേഷന്‍ മോണിറ്ററിംഗിലൂടെ ട്രെയിൻ യാത്ര പരിശോധനയും വേഗ പരിശോധനയും നടത്തി സുരക്ഷ ഉറപ്പാക്കി. ഇതോടെയാണ് മെട്രോ സർവീസ് നിയന്ത്രണം പിൻവലിച്ചത്.അറ്റകൂറ്റ പണി നടക്കുന്നതിനാൽ പത്തടിപ്പാലം മുതൽ ആലുവ വരെ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

Read more

പത്തടിപ്പാലത്ത് നിന്ന് പേട്ട വരെയുള്ള സർവീസുകൾ സാധാരണ പോലെ ഏഴുമിനിറ്റ് ഇടവേളയിലും പത്തടിപ്പാലത്ത് നിന്ന് ആലുവയിലേക്കുള്ള സർവീസുകൾ 20 മിനിറ്റ് ഇടവേളയിലുമാണ് നടത്തിയിരുന്നത്. നിയന്ത്രണം നീക്കുന്നതോടെ ആലുവ- പേട്ട റൂട്ടിൽ സർവീസ് സാധാരണ നിലയിലാകും.