മോദിയുടെ വിളക്ക് തെളിയിക്കൽ ആഹ്വാനം; ന്യായീകരിക്കാൻ കപടശാസ്ത്രത്തിന്റെ കൂട്ട് പിടിച്ച് ഐ‌.എം‌.എ മേധാവി കെ. കെ അഗർവാൾ

ഞായറാഴ്ച രാത്രി 9 മണിക്ക് വിളക്കുകൾ, മെഴുകുതിരികൾ, അല്ലെങ്കിൽ ഫ്ലാഷ്ലൈറ്റുകൾ എന്നിവ ഒമ്പത് മിനിറ്റ് നേരം തെളിയിക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ കപടശാസ്ത്രത്തിന്റെയും യോഗയുടെയും വിചിത്രമായ തത്വങ്ങൾ ഉപയോഗിച്ച് ന്യായീകരിച്ചിരിക്കുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുൻ ദേശീയ പ്രസിഡന്റും കാർഡിയോളജിസ്റ്റുമായ ഡോ. കെ.കെ.അഗർവാൾ.

ഒരു വീഡിയോയിൽ , യോഗ വസിഷ്ഠത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്ന “കൂട്ടായ ബോധം” എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് മോദിയുടെ ആഹ്വാനം എന്ന് അഗർവാൾ അവകാശപ്പെട്ടു.

“നമ്മുടെ ശരീരത്തിലെ എസി‌ഇ 2 റിസപ്റ്ററുകളെ സുഖപ്പെടുത്താനുള്ള ശക്തി റിതാംഭര പ്രജ്ഞയുടെ ക്വാണ്ടം തത്വത്തെ അടിസ്ഥാനമാക്കിയുള്ള കൂട്ടായ ബോധത്തിലാണ്. കൊറോണ വൈറസ് നമ്മുടെ എസി‌ഇ 2 റിസപ്റ്ററുകളിൽ നിക്ഷേപിക്കാതിരിക്കുന്നതിനെ കുറിച്ച് നമ്മൾ കൂട്ടായി ചിന്തിക്കുകയാണെങ്കിൽ, അത് സംഭവിക്കുന്നുവെന്ന് കൂട്ടായ ബോധം ഉറപ്പാക്കും. ” കെ.കെ.അഗർവാൾ പറഞ്ഞു.

കൊറോണ വൈറസിന്റെ എൻട്രി റിസപ്റ്ററാണ് ആൻജിയോടെൻസിൻ-കൺവേർട്ടിംഗ് എൻസൈം 2, അല്ലെങ്കിൽ എസിഇ 2 റിസപ്റ്റർ.

“… എല്ലാം ഒരുമിച്ച് പ്രവർത്തിക്കും.” എന്ന് ക്വാണ്ടം ഫിസിക്‌സും സ്‌ട്രിംഗ് തിയറിയും സൂചിപ്പിച്ച് അഗർവാൾ പറഞ്ഞു.

MyGovIndia എന്ന കേന്ദ്ര സർക്കാർ വെബ്‌സൈറ്റാണ് വീഡിയോ ട്വീറ്റ് ചെയ്തത്. അല്പനേരത്തിനു ശേഷം വീഡിയോ ഡിലീറ്റ് ചെയ്തു.