മുപ്പത് കൊല്ലം മുമ്പു വാങ്ങിയ ഇരുന്നൂറ് രൂപ തിരികെ നല്‍കാന്‍ ഒരു ഭൂഖണ്ഡാന്തര യാത്ര! അതും കെനിയയില്‍ നിന്ന് ഔറംഗബാദിലേക്ക്

മുപ്പത് കൊല്ലം മുമ്പ് വാങ്ങിയ കടം വീട്ടാന്‍ കാതങ്ങള്‍ താണ്ടി ആരെങ്കിലും പോകുമോ? ചിരിക്കാന്‍ വരട്ടെ, കെനിയ സ്വദേശി റിച്ചാര്‍ഡ് തോങ്കി തന്റെ കടം വീട്ടാന്‍ കടലും കടന്നെത്തി ഏവരേയും അമ്പരപ്പിച്ചിരിക്കുകയാണ്. കാശിനാഥ് ഗോള്‍ എന്ന ഔറംഗബാദ് സ്വദേശിയുടെ കയ്യില്‍ നിന്ന് വാങ്ങിയ 200 രൂപ തിരികെ കൊടുക്കാനാണ് കെനിയന്‍ എം.പി കൂടിയായ റിച്ചാര്‍ഡ് ടോംഗി എത്തിയത്. റിച്ചാര്‍ഡ് ടോംഗി എന്ന ഫെയ്സ്ബുക്ക് പേജിലാണ് മനോഹരമായ ഈ ആത്മബന്ധത്തിന്റെ കഥ പങ്കുവെച്ചത്.

കെനിയയിലെ ന്യാരിബാരി ചാച്ചെ എന്ന മണ്ഡലത്തിലെ എം.പിയാണ് റിച്ചാര്‍ഡ് ടോംഗി. 1985-89 കാലഘട്ടത്തില്‍ ഔറംഗബാദിലെ പ്രാദേശിക കോളജിലെ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു ടോംഗി. അന്ന് വാങ്കഡെനഗറില്‍ പലചരക്ക് കട നടത്തുകയായിരുന്നു കാശിനാഥ്. കടുത്ത ദാരിദ്ര്യത്തിലായിരുന്ന ടോംഗി, കാശിയുടെ കയ്യില്‍ നിന്നും 200 രൂപ കടം വാങ്ങി. എന്നെങ്കിലും ഇത് തിരികെ നല്‍കുമെന്നും പറഞ്ഞു. എന്നാല്‍ ടോങ്കിയുടെ അവസ്ഥ മനസ്സിലാക്കി പണം നല്‍കിയ കാശി ഇത് തിരികെ പ്രതീക്ഷിച്ചില്ല.

വര്‍ഷങ്ങള്‍ക്കിപ്പുറം ടോംഗിയുടെ ഫോണ്‍ കോള്‍ വന്നപ്പോള്‍ കുറച്ച് പണിപ്പെട്ടാണെങ്കിലും 30 വര്‍ഷം പഴകിയ ആ കടം കാശി ഓര്‍ത്തെടുത്തു. സന്തോഷം കൊണ്ട് അയാളുടെ കണ്ണും മനസ്സും നിറഞ്ഞു. തന്റെ വിലാസവും ഫോണ്‍ നമ്പറുമൊക്കെ തിരഞ്ഞ് ഇത്രയും ദൂരം ടോംഗി എത്തിയത് തനിക്ക് വിശ്വസിക്കാനായില്ലെന്നാണ് കാശി പറയുന്നത്. ഭാര്യ മിഷേലിനൊപ്പം എത്തിയ ടോംഗി കെനിയയിലേക്ക് കാശിയെ ക്ഷണിച്ചാണ് യാത്ര പറഞ്ഞ് പിരിഞ്ഞത്.