ബി.ജെ.പി തോല്‍ക്കുമെന്ന് ആം ആദ്മി പാര്‍ട്ടി സര്‍വേ ഫലം; പുല്‍വാമ ആക്രമണം തിരിച്ചടിയായെന്ന് കെജ്‌രിവാള്‍’

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ആം ആദ്മി പാര്‍ട്ടി നടത്തിയ ആഭ്യന്തര സര്‍വേയില്‍ ഇക്കാര്യം വ്യക്തമായതായി കെജ്‌രിവാള്‍ പറഞ്ഞു.

സര്‍വേയില്‍ പങ്കെടുത്ത 56 ശതാനം ആളുകളും ബി.ജെ.പി തോല്‍ക്കുമെന്ന് വിശ്വസിക്കുന്നതായി എഎപി അവകാശപ്പെടുന്നു. പുല്‍വാമ ആക്രമണത്തെ രാഷ്ട്രീയവത്ക്കരിച്ചതും തുടര്‍ന്നുണ്ടായ ഇന്ത്യ-പാക് ആക്രമണവും തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് തിരിച്ചടിയാകുമെന്നും സര്‍വേയില്‍ വ്യക്തമായതായും കെജ്രിവാള്‍ പറഞ്ഞു.

ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള പ്രശ്‌നം ബിജെപി കൈകാര്യം ചെയ്ത രീതി അവര്‍ക്ക് തിരിച്ചടിയായെന്നും ജനങ്ങള്‍ക്കിടയില്‍ ഇത് മോശം പ്രതിച്ഛായ സൃഷ്ടിക്കാന്‍ കാരണമായെന്നും സര്‍വ്വേഫലം ചൂണ്ടികാട്ടി കെജ്‌രിവാള്‍ വ്യക്തമാക്കി.

അതേസമയം, കെജ്‌രിവാളിന്റെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. രാജ്യത്തെ ജവാന്‍മാര്‍ നടത്തിയ ധീരമായ പോരാട്ടത്തെ കെജ്‌രിവാള്‍ അളന്ന് നോക്കി ലാഭവും നഷ്ടവും പറയുകയാണെന്നും അതേ കുറിച്ചോര്‍ക്കുമ്പോള്‍ അദ്ദേഹത്തോട് ലജ്ജ തോന്നുന്നെന്നും ബിജെപി പ്രതികരിച്ചു. കെജ്രിവാള്‍ പാക്കിസ്ഥാന്റെ പോസ്റ്റര്‍ ബോയ് ആയി തീരുമെന്നും ബിജെപി എംഎല്‍എ വിജേന്ദര്‍ ഗുപ്ത പറഞ്ഞു.