'കെജ്‌രിവാളല്ല, രാജ്യമാണ് പ്രധാനം',രാജ്യത്തിനായി മരിക്കാനും തയ്യാറെന്ന് കെജ്‌രിവാള്‍

രാജ്യത്തിന് വേണ്ടി മരിക്കാനും തയ്യാറാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തന്റെ വസതിക്ക് നേരെ ബി.ജെ.പി നടത്തിയ ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ കെജ്‌രിവാളിനെ പരാജയപ്പെടുത്താന്‍ കഴിയാത്തതിനാലാണ് ബി.ജെ.പി അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

‘കെജ്‌രിവാള്‍ പ്രധാനമല്ല, ഈ രാജ്യമാണ് പ്രധാനം, ഈ രാജ്യത്തിന് വേണ്ടി മരിക്കാനും തയ്യാറാണ്’,ഡല്‍ഹിയില്‍ നടന്ന ഇ-ഓട്ടോ ലോഞ്ച് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.

രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ ബി.ജെ.പി ഇത്തരം ഗുണ്ടായിസത്തില്‍ ഏര്‍പ്പെടരുതെന്നും അത് രാജ്യത്തെ യുവാക്കള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇത്തരത്തിലുള്ള ഗുണ്ടായിസം ശരിയല്ല. അങ്ങനെയൊരു രാജ്യം പുരോഗമിക്കുമോ? ഇല്ല. നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാം’, കെജ്‌രിവാള്‍ വ്യക്തമാക്കി.

കെജ്‌രിവാള്‍ കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ചു എന്ന് ആരോപിച്ചാണ്, ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കെജ്‌രിവാളിന്റെ വസതിക്ക് മുന്നില്‍ ഇന്നലെ പ്രതിഷേധിച്ചത്. ‘ദ കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെക്കുറിച്ച് കെജ്‌രിവാള്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ആയിരുന്നു പ്രതിഷേധം. കശ്മീരി ഹിന്ദുക്കളുടെ വംശഹത്യയെ കെജ്‌രിവാള്‍ പരിഹസിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.

സംഭവത്തില്‍ എട്ട് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സെക്യൂരിറ്റി ചെക്കിങ് ഉപകരണങ്ങളും സിസിടിവിയും ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു. വസതിയിലേക്ക് കറുത്ത പെയിന്റ് എറിഞ്ഞു. പ്രതിഷേധം നടക്കുമ്പോള്‍ കെജ്രിവാള്‍ വസതിയിലുണ്ടായിരുന്നില്ല. 200ഓളം പേരാണ് ബിജെപി പതാകയുമേന്തി എത്തിയത്. എഴുപതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കശ്മീരി ഫയല്‍സിന് ടാക്‌സ് ഒഴിവാക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍, യുട്യൂബില്‍ റിലീസ് ചെയ്യാന്‍ പറയൂ അപ്പോള്‍ എല്ലാവര്‍ക്കും കാണാമല്ലോ എന്ന് കെജ്രിവാള്‍ മറുപടി നല്‍കിയിരുന്നു. കെജ്രിവാളിന്റെ ഔദ്യോഗിക വസതി ആക്രമിച്ച് നശിപ്പിച്ചതിനെതിരെ ആം ആദ്മി പാര്‍ട്ടി (എഎപി) എംഎല്‍എ സൗരഭ് ഭരദ്വാജ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.