ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കർതാർപൂർ കരാർ, നാളെ ഒപ്പിടാൻ സാദ്ധ്യതയില്ല

കർതാർപൂർ ഇടനാഴിയുമായി ബന്ധപ്പെട്ട പാകിസ്ഥാനുമായുള്ള കരാറിൽ ഇന്ത്യ നാളെ ഒപ്പിടാൻ സാദ്ധ്യതയില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കരാർ ഒപ്പിടുന്നതിന് കൃത്യമായ തിയതി അവർ വ്യക്തമാക്കിയിട്ടില്ല, ഇക്കാര്യത്തിൽ പാകിസ്ഥാൻ ഇതുവരെ വ്യക്തമായ പ്രതികരണം നൽകിയിട്ടില്ലെന്നും പറഞ്ഞു. അതേസമയം വ്യാഴാഴ്ച ഒപ്പിടാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

അതിർത്തിയിലെ നാല് കിലോമീറ്റർ ഇടനാഴിയിലൂടെ ഗുരുദ്വാര ദർബാർ സാഹിബിലേക്ക് ഇന്ത്യൻ തീർത്ഥാടകർക്ക് വിസ രഹിത യാത്ര ഉറപ്പാക്കുന്നതിന് കരാർ ഒപ്പിടാനുള്ള തിയതി ഒക്ടോബർ 23-നെന്ന് ഇന്ത്യയും പാകിസ്ഥാനും നേരത്തെ നിശ്ചയിച്ചിരുന്നു. സിഖ് മത സ്ഥാപകൻ ഗുരു നാനാക്കിന്റെ അന്ത്യവിശ്രമസ്ഥലമായി കണക്കാക്കപ്പെടുന്ന മതസ്ഥലത്തേക്കുള്ള ആദ്യത്തെ തീർത്ഥാടനം നവംബർ 9- ന് നടക്കുമെന്നും പ്രതീക്ഷിച്ചിരുന്നു.

Read more

സിഖ് തീർത്ഥാടകർക്ക് മേൽ പാകിസ്ഥാൻ ചുമത്താൻ ഉദ്ദേശിക്കുന്ന 20 ഡോളർ സർവീസ് ചാർജ് ഒഴികെ കർതാർപൂർ ഇടനാഴിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഇരുപക്ഷവും യോജിപ്പിലാണെന്ന് ഇന്ത്യ കരുതുന്നു. ആരാധനാലയം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന തീർത്ഥാടകർക്ക് ഓൺ‌ലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിലും ഈ അഭിപ്രായ വ്യത്യാസം കാലതാമസമുണ്ടാക്കി.