ബം​ഗളൂരുവിലെ പുതിയ പാലത്തിന് സവർക്കറുടെ പേര്; ബി.ജെ.പി സർക്കാർ തീരുമാനം വിവാദത്തിൽ

ബം​ഗളൂരുവിൽ പുതുതായി നിർമ്മിച്ച മേൽപ്പാലത്തിന് സവർക്കറുടെ പേരിടാനുള്ള യെദ്യൂരപ്പ സർക്കാറിന്റെ തീരുമാനം വിവാദത്തിൽ. സവർക്കറുടെ 137-ാം ജന്മദിനത്തിന്റെ ഭാ​ഗമായാണ് കർണാടക സർക്കാർ പാലത്തിന് പേരിടാൻ നിർദ്ദേശിച്ചത്.

യെലഹങ്കയിലുള്ള മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ റോഡിലെ മേൽപ്പാലത്തിന് സവർക്കറുടെ പേരിടുന്നു. 34 കോടി രൂപ ചെലവിൽ 400 മീറ്ററോളം നീളത്തിലാണ് ഫ്ലൈഓവർ നിർമ്മിച്ചിരിക്കുന്നത്. സർക്കാർ തീരുമാനത്തിനെതിരെ കോൺ​ഗ്രസും ജെഡിഎസും രം​ഗത്തെത്തി.

മേൽപ്പാലത്തിന് സവർക്കറുടെ പേരിടാനുള്ള തീരുമാനം സംസ്ഥാനത്തിന്റെ പുരോ​ഗതിക്കായി പോരാടുന്നവരെ അപമാനിക്കലാണെന്നും ഇതിന് സർക്കാർ അം​ഗീകാരം നൽകുന്നത് ശരിയല്ലെന്നും ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി അഭിപ്രായപ്പെട്ടു.

സർക്കാറിന് പൂർണ പിന്തുണയുമായി ബി.ജെ.പി രം​ഗത്തെത്തി. നെഹ്റു കുടുംബത്തിന് പുറത്തുള്ള ആരെയും ബഹുമാനിക്കാൻ കോൺ​ഗ്രസ് തയ്യാറാവുന്നില്ലെന്നും ബിജെപി വക്താവ് എസ്. പ്രകാശ് പറഞ്ഞു.