കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ നീക്കത്തിന് തിരിച്ചടി; 17 എം എൽ എമാർ നിയമസഭാ കക്ഷി യോഗത്തിനെത്തിയില്ല ; സര്‍ക്കാരുണ്ടാക്കുമെന്ന അവകാശവാദവുമായി ബി.ജെ.പി

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അനുനയ നീക്കം പാളി. ബംഗളുരുവില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ 14 വിമത എം.എല്‍.എമാര്‍ പങ്കെടുത്തില്ല. വിമതരെ കൂടാതെ മൂന്ന് എം എൽ എ മാർ കൂടി യോഗത്തിൽ നിന്ന് വിട്ടു നില്കുന്നത് കോൺഗ്രസിന് തിരിച്ചടിയായി. അഞ്ജലി നിംബാൽക്കർ, കെ സുധാകർ, റോഷൻ ബെയ്‌ഗ്‌ എന്നിവരാണ് യോഗത്തിനെത്താത്ത മറ്റ് എം എൽ എ മാർ.

ഇതോടെ സ്പീക്കറുടെ തീരുമാനം നിര്‍ണായകമാകും. ഭരണഘടന അനുസരിച്ചു മാത്രം തീരുമാനമെന്നാണ് സ്പീക്കറുടെ പക്ഷം. അതേ സമയം കൂടുതല്‍ ഭരണപക്ഷ എം.എല്‍.എമാര്‍ രാജിവെയ്ക്കുമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞു. അടുത്തയാഴ്ച സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുമെന്നാണ് പ്രതീക്ഷയെന്നും ബി.ജെ.പി നേതാവ് ശോഭാ കരന്തലജ പ്രതീക്ഷ പ്രകടിപ്പിച്ചു.
അതിനിടെ മുംബൈയിലെ രഹസ്യകേന്ദ്രത്തിലുള്ള വിമത എം.എല്‍.എമാരെ പുനെയിലേക്ക് മാറ്റും.

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി തീര്‍ക്കാനാകാതെ ഉഴലുകയാണ് കോണ്‍ഗ്രസ്. സമ്പൂര്‍ണ മന്ത്രിസഭ പുനഃസംഘടന പ്രഖ്യാപിച്ചിട്ടും രാജിവെച്ച എം.എല്‍.എമാരെ ഒപ്പം കൂട്ടാന്‍ സര്‍ക്കാറിന് ഇനിയും സാധിച്ചിട്ടില്ല. മറുഭാഗത്ത് ബി.ജെ.പി സഭയിലെ അംഗബലം വര്‍ദ്ധിപ്പിച്ച് കരുത്ത് കൂട്ടുകയാണ്.

13 എം.എല്‍.എമാരുടെ രാജിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സഖ്യസര്‍ക്കാരിനെ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയില്‍ ജനതാദളിലെയും കോണ്‍ഗ്രസിലെയും മുഴുവന്‍ മന്ത്രിമാരും സ്വമേധയാ രാജിവെച്ചിരുന്നു. ഇതുവഴി മന്ത്രിസഭാ അഴിച്ചുപണിയാണു ലക്ഷ്യം. അതൃപ്തരായ എം.എല്‍.എമാര്‍ക്കു മന്ത്രിപദവി നല്‍കി പ്രതിസന്ധി ഒഴിവാക്കാമെന്നും വിലയിരുത്തുന്നു.

അതേസമയം, മന്ത്രിമാരായ എച്ച്. നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവര്‍ രാജിവെച്ചത് സര്‍ക്കാരിനെ കൂടുതല്‍ കുഴപ്പത്തിലാക്കി. സര്‍ക്കാരിനുള്ള പിന്തുണയും ഇവര്‍ പിന്‍വലിച്ചു. കഴിഞ്ഞ മാസമാണ് സ്വതന്ത്ര അംഗങ്ങളായ ഇരുവരും മന്ത്രിസഭയിലെത്തിയത്. മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് വിമതനുമായ റോഷന്‍ ബെയ്ഗും രാജിവെയ്ക്കുമെന്നു പ്രഖ്യാപിച്ചു.

രാജി നല്‍കിയ രാമലിംഗ റെഡ്ഡിയെ ഉപമുഖ്യമന്ത്രിയാക്കി, അദ്ദേഹത്തോട് അനുഭാവം പ്രകടിപ്പിക്കുന്നവരെ കൂടെ കൂട്ടി, ഭരണം നില നിര്‍ത്താനാണ് കോണ്‍ഗ്രസ് ലഷ്യമിടുന്നത്. ഇന്ന് രാവിലെ നടക്കുന്ന കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി യോഗം ഏറെ നിര്‍ണായകമാണ്. യോഗത്തില്‍ പങ്കെടുക്കാത്തവരെ അയോഗ്യരാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. മുംബൈയിലേക്ക് എം.എല്‍.എമാരുമായി ചര്‍ച്ച നടത്താന്‍ പോയ ഡി.കെ ശിവകുമാറിലാണ് സര്‍ക്കാറിന്റെ പ്രതീക്ഷകള്‍. ഇതും പാളിയാല്‍ കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലെത്തും.