കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താന്‍ പുതിയ തന്ത്രം പയറ്റി ഭരണസഖ്യം, മുഖ്യമന്ത്രി പദം കോണ്‍ഗ്രസിന് നല്‍കിയേക്കും

ലോക്‌സഭ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോല്‍വിയെ തുടര്‍ന്ന് കര്‍ണാടകയില്‍ പുതിയ നീക്കവുമായി കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം. സംസ്ഥാന ഭരണം നിലനിര്‍ത്താന്‍ പുതിയ ഫോര്‍മുല രൂപപ്പെടുത്തി ഭരണം നിലനിര്‍ത്താനുളള ശ്രമമാണ് നടക്കുന്നത്. ഇതിനായി മുഖ്യമന്ത്രിപദം കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന രീതിയില്‍ പുതിയ തന്ത്രം ആലോചിക്കുകയാണ്.

ഇത്തവണ ബിജെപിക്ക് സംസ്ഥാനത്തുണ്ടായ മുന്നേറ്റം സഖ്യത്തെ അസ്വസ്ഥമാക്കുന്നുണ്ട്. അട്ടിമറി നടത്തി ബിജെപി അധികാരം പിടിക്കുമോയെന്ന് കോണ്‍ഗ്രസും ജെഡിഎസും ഭയപ്പെടുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് പുതിയ ഫോര്‍മുലയുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. നിലവിലെ ഉപമുഖ്യമന്ത്രി ജി പരമേശ്വരയെ മുഖ്യമന്ത്രിയാക്കുകയും ജെഡിഎസിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുകയും ചെയ്യുക എന്നതാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ള പുതിയ വഴി.

ദളിത് വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഇതിനെ മറികടക്കാനാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരാളെ തന്നെ മുഖ്യമന്ത്രിയാക്കാന്‍ കര്‍ണാടക പിസിസി ആലോചിക്കുന്നത്. എന്നാല്‍ ജെഡിഎസ് ഇക്കാര്യം അംഗീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കാരണം കോണ്‍ഗ്രസ് കാലുവാരിയതു കൊണ്ടാണ് ദേവഗൗഡ അടക്കം തോല്‍ക്കാന്‍ കാരണമെന്നാണ് ജെഡിഎസ് കരുതുന്നത്.

Read more

സഖ്യത്തിനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും സ്വരചേര്‍ച്ചയില്ലായ്മയുമാണ് ബിജെപിക്ക് അവസരമൊരുക്കിയത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജെഡിഎസും കോണ്‍ഗ്രസും പ്രത്യേകം യോഗം ചേരുന്നുമുണ്ട്. യോഗത്തില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്ത് ജെഡിഎസ് തീരുമാനമറിയിക്കും എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.