കര്‍ണാടക മന്ത്രിസഭാ വികസനം; രണ്ടാം പട്ടികയില്‍ ഇന്ന് തീരുമാനം, നാളെ സത്യപ്രതിജ്ഞ

മുഖ്യമന്ത്രി പദവിക്കു ശേഷം കര്‍ണാടകയില്‍ മന്ത്രി സ്ഥാനങ്ങള്‍ക്കു വേണ്ടിയും മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ വിഭാഗങ്ങള്‍ അവകാശവാദം തുടരുകയാണ്. ഈ സന്ദര്‍ഭത്തില്‍ കര്‍ണാടക മന്ത്രിസഭ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഹൈകമാന്‍ഡുമായി നടക്കുന്ന ചര്‍ച്ചയില്‍ 24 പേരുടെ പട്ടികകൂടി അന്തിമ ഘട്ടത്തിലുണ്ട്.. ആദ്യ ഘട്ടത്തില്‍ എട്ടു മന്ത്രിമാരെ തെരഞ്ഞെടുത്തിരുന്നു.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം 34 മന്ത്രിസ്ഥാനങ്ങളാണ് കര്‍ണാടക സര്‍ക്കാറിലുള്ളത്. ബുധന്‍, വ്യാഴം ദിവസങ്ങളിലായി നടന്ന മാരത്തണ്‍ ചര്‍ച്ചയില്‍ അന്തിമ പട്ടികയില്‍ തീരുമാനമായതായി അറിയുന്നു.

തീരുമാനം വെള്ളിയാഴ്ച ഉച്ചക്ക് മുമ്പായി പ്രഖ്യാപിക്കുമെന്നും ശനിയാഴ്ച രാവിലെ 11.45ന് ബംഗളൂരുവില്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ മുമ്പാകെ സത്യപ്രതിജ്ഞ നടക്കുമെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഞായറാഴ്ചക്കുള്ളില്‍ മന്ത്രിമാരുടെ വകുപ്പുകളിലും തീരുമാനമാവും.

Read more

ബുധനാഴ്ച വൈകീട്ട് മുതല്‍ സിദ്ധരാമയ്യയും ശിവകുമാറും മന്ത്രി പട്ടിക സംബന്ധിച്ച് ഹൈകമാന്‍ഡുമായി ചര്‍ച്ചയിലാണ്. മന്ത്രിസ്ഥാനത്തിന് സമ്മര്‍ദവുമായി 20 എം.എല്‍.എമാരും ഡല്‍ഹിയിലുണ്ട്.