കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി, സ്പീക്കര്‍ക്ക് സാവകാശം അനുവദിച്ച് സുപ്രീം കോടതി വിധി, കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുന്നത് വരെ തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശം

കര്‍ണാടകയിലെ വിമത എം.എല്‍.എമാരെ അയോഗ്യരാക്കുന്നതിലും രാജിക്കാര്യത്തിലും സാവകാശം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി വിധി. ചൊവ്വാഴ്ച വരെ തീരുമാനമെടുക്കരുതെന്നും കര്‍ണാടകയില്‍ തല്‍സ്ഥിതി തുടരാനുമാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. രണ്ട് ദിവസമായി തുടരുന്ന വാദത്തില്‍ വിമത എം.എല്‍.എമാരുടെ ഹര്‍ജിയില്‍ ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഇതോടെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും പഠിക്കുന്നതിനുമായി സ്പീക്കര്‍ക്ക് സാവകാശം ലഭിക്കും.

രാജി സമര്‍പ്പിച്ച എം.എല്‍.എമാരുടെ ഹര്‍ജി കഴിഞ്ഞ ദിവസം പരിഗണിച്ച സുപ്രീം കോടതി എം.എല്‍.എമാരോട് സ്പീക്കറെ നേരില്‍ കണ്ട് രാജി നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. ഇങ്ങനെയാണ് രണ്ടാം ദിവസവും വാദം തുടര്‍ന്നത്.

ആദ്യം എം.എല്‍.എമാരെ അയോഗ്യരാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതാണ് നല്ലതെന്ന് സ്പീക്കര്‍ക്ക് വേണ്ടി വാദം നടന്നു. എന്നാല്‍ സ്പീക്കര്‍ ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്നായിരുന്നു എം.എല്‍.എമാരുടെ വാദം. സ്പീക്കര്‍ക്ക് വേണ്ടി മനു അഭിഷേക് സിംഗ് വിയും എം.എല്‍.എ മാര്‍ക്ക് വേണ്ടി മുകുള്‍ റോത്തഗിയും ആണ് ഹാജരായത്.

എം.എല്‍.എമാര്‍ നിലപാട് മാറ്റി കൊണ്ടിരിക്കുകയാണെന്നും ആദ്യം സ്പീക്കറെ കാണാതായെന്നും ഇപ്പോള്‍ കാണാന്‍ പോയില്ലെന്ന് അവര്‍ തന്നെ സമ്മതിക്കുന്നുവെന്നതാണ് വിരോധാഭാസമെന്നായിരുന്നു മനു അഭിഷേക് സിംഗ് വി ഉന്നയിച്ച പ്രധാന ആരോപണം.

രാജിയില്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്ക് ഇനിയെന്ത് തെളിവുകളാണ് വേണ്ടതെന്ന് മുകുള്‍ റോത്തഗി ചോദിച്ചു. രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാത്ത സ്പീക്കര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് ഉത്തരവിടണമെന്നും റോത്തഗി വാദിച്ചു.

അതിനിടെ സ്പീക്കറുടെ നടപടികളില്‍ കോടതിക്ക് സമയപരിധി നിശ്ചയിക്കാനാകില്ലെന്നും സ്പീക്കറുടെ ഭരണഘടനാ പദവിയില്‍ ഇടപെടാനാകില്ലെന്നും മനു അഭിഷേക് സിംഗ് വി പറഞ്ഞു.