'ദുരാചാരങ്ങളെ മറികടക്കാന്‍ സഹായിക്കുന്ന മഹത്തായ ആശയമാണ് മതേതരത്വം'; വിവാദ സിവില്‍ സര്‍വീസ് ചോദ്യപേപ്പറിന് മറുപടിയുമായി കണ്ണന്‍ ഗോപിനാഥന്‍

ഇന്നലെ നടന്ന സിവില്‍ സര്‍വ്വീസ് ചോദ്യപേപ്പറിലെ വിവാദ ചോദ്യത്തിന് മറുപടിയുമായി രാജിവച്ച മലയാളി ഐഎഎസ് ഉദ്യേഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥ്. മതേതരത്വം ആചാരങ്ങളെ എങ്ങനെ ബാധിക്കുമെന്നായിരുന്നു ചോദ്യം.

ശാസ്ത്രീയ പിന്തുണയില്ലാത്ത ദുരാചാരങ്ങളെയും അനാരോഗ്യകരമായ ആചാരങ്ങളെയും മറികടക്കുന്നതിന് സഹായിക്കുന്ന മഹത്തായ ആശയമാണ് മതേതരത്വമെന്നായിരിക്കും തന്റെ ഉത്തരത്തിന്റെ ആദ്യ വാചകം എന്ന് കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

ഈ ചോദ്യങ്ങളാണോ രാജ്യത്തെ നിര്‍ണായ പദവികള്‍ വഹിക്കാനുള്ള ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പില്‍ ചോദിക്കുന്നതെന്നായിരുന്നു പരക്കെ ഉയര്‍ന്ന വിമര്‍ശനം. മതേതരത്വം പാലിക്കപ്പെടേണ്ട ഒന്നാണെന്നും ആചാരങ്ങളല്ല പ്രധാനമെന്നും നിരവധി ആളുകളാണ് ട്വീറ്റിനോട് പ്രതികരിക്കുന്നത്.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് കണ്ണന്‍ രാജിവച്ചത്. സര്‍വീസില്‍ നിന്നും രാജിവയ്ക്കുന്നതായി കാണിച്ച് ആഗസ്റ്റ് 21നാണ് കണ്ണന്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയത്.