ദി​ഗ്‌​വി​ജ​യ് സിംഗിനായി കനയ്യ കുമാര്‍ പ്രചാരണത്തിന്; പ്രജ്ഞാ സിംഗ് താക്കൂറിനെ തോല്‍പ്പിക്കാന്‍ ഇടതുനേതാവിന്റെ സാന്നിദ്ധ്യം സഹായിക്കുമെന്ന് വിലയിരുത്തല്‍

മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയായ പ്രജ്ഞാ സിംഗ് താക്കൂറുമായി ഏറ്റുമുട്ടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദി​ഗ്‌​വി​ജ​യ്  സിംഗിന്റെ പ്രചാരണത്തിന് കനയ്യ കുമാര്‍ എത്തും. ഭോപ്പാലില്‍ അടുത്ത മാസം എട്ടിനും ഒമ്പതിനും കനയ്യ തനിക്കായി മണ്ഡലത്തില്‍ പ്രചാരണം നടത്തുമെന്ന് ദിഗ്‌​വി​ജ​യ്  സിംഗ് അറിയിച്ചു. തനിക്ക് ജെഎന്‍യു യൂണിയന്‍ പ്രസിഡന്റായിരുന്ന കാലം മുതല്‍ തന്നെ കനയ്യയോടു ആരാധനയുണ്ടായിരുന്നതായി ദിഗ്‌​വി​ജ​യ് സിംഗ് പറഞ്ഞു.

മാത്രമല്ല, ദി​ഗ്‌​വി​ജ​യ്  സിംഗ് കനയ്യ കുമാറിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ബെഗുസരായില്‍ കനയ്യ കുമാറിനെതിരെ ആര്‍ജെഡി സ്ഥാനാര്‍ത്ഥി മത്സരിക്കുന്നതിനെ ദിഗ്വിജയ് സിംഗ് വിമര്‍ശിച്ചു. താന്‍ കനയ്യ ദേശദ്രോഹ മുദ്രാവാക്യം മുഴക്കിയെന്ന നുണ പ്രചാരണം വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രജ്ഞാ സിംഗ് താക്കൂറിനെ തോല്‍പ്പിക്കാന്‍ ഇടതുനേതാവിന്റെ സാന്നിധ്യം സഹായിക്കുമെന്ന് വിലയിരുത്തലുണ്ട്. യുവാക്കളുടെ വോട്ട് നേടാന്‍ കനയ്യയുടെ സാന്നിധ്യം സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്.