കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും സെപ്റ്റംബർ 28ന് കോൺഗ്രസിൽ ചേരും; അനാവശ്യ അഭ്യൂഹമെന്ന് സിപിഐ

സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അം​ഗവും ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ പ്രസിഡന്റുമായ കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനം സെപ്റ്റംബർ 28ന് ഉണ്ടാകുമെന്ന് സൂചന.

ഭഗത് സിങ് ജന്മ വാർഷിക ദിനത്തിൽ കനയ്യ കുമാറും ഗുജറാത്ത് എംഎൽഎയും രാഷ്ട്രീയ ദലിത് അധികർ മഞ്ച് കൺവീനറും ആയ ജിഗ്‌നേഷ് മേവാനിയും കോൺ​ഗ്രസിൽ ചേരുമെന്നാണ് റിപ്പോർട്ട്.

കനയ്യയുടെ വരവ് യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ഒരാഴ്ചക്കിടെ രണ്ട് തവണ രാഹുൽ ഗാന്ധിയുമായി കനയ്യ കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ റിപ്പോർട്ടുകൾ തള്ളി രം​ഗത്തെത്തി. കനയ്യ കുമാർ കോൺഗ്രസിൽ ചേരില്ലെന്നും റിപ്പോർട്ടുകൾ അനാവശ്യ അഭ്യൂഹമെന്നും അദ്ദേഹം പറഞ്ഞു.