ഗാന്ധി ജയന്തിക്ക് കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേരും

മുൻ വിദ്യാർത്ഥി നേതാവ് കനയ്യ കുമാറും ഗുജറാത്ത് സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനിയും ഒക്ടോബർ 2 ന് നടക്കുന്ന പരിപാടിയിൽ കോൺഗ്രസിൽ ചേരും.  ഇരുവരും കോൺഗ്രസിൽ ചേരുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തത്. ഭഗത് സിംഗിന്റെ ജന്മദിനമായ സെപ്റ്റംബർ 28 നാണ് നേരത്തെ പാർട്ടിയിൽ ചേരാൻ നിശ്ചയിച്ചിരുന്നത്.

ഗുജറാത്തിലെ വഡ്ഗാം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ദളിത് നേതാവായ ജിഗ്നേഷ് മേവാനിയെ പാർട്ടി സംസ്ഥാന ഘടകത്തിന്റെ വർക്കിംഗ് പ്രസിഡന്റാക്കിയേക്കും എന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന് നൽകുന്ന പദവി എന്തുതന്നെയായാലും ജിഗ്നേഷ് മേവാനി കോൺഗ്രസിൽ ചേരുന്നത് അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ മുന്നിൽ കണ്ടുള്ള കോൺഗ്രസിന്റെ കണക്കുകൂട്ടലുകളുടെ ഭാഗമാണ്. ജനസംഖ്യയുടെ മൂന്നിലൊന്ന് ദളിതർ ഉള്ള പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയന്റെ മുൻ പ്രസിഡന്റും ഇപ്പോൾ സിപിഐ നേതാവുമായ കനയ്യ കുമാർ കോൺഗ്രസിലേക്ക് വരുമ്പോൾ മറ്റ് ചില ഇടതു നേതാക്കളെയും ഒപ്പം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജിഗ്നേഷ് മേവാനിയും കനയ്യ കുമാറും കോൺഗ്രസിൽ ചേരുമെന്ന് പറയപ്പെടുന്ന വാർത്തകൾ, 2022 ലെ സംസ്ഥാന തിരഞ്ഞെടുപ്പിനും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും മുമ്പായി ചുറുചുറുക്കുള്ള യുവാക്കളെ പാർട്ടിയിൽ ചേർക്കാനുള്ള കോൺഗ്രസിന്റെ നീക്കത്തിന് അടിവരയിടുന്നു.

പാർട്ടിയിൽ തന്റെ ഭാവി പങ്കിനെക്കുറിച്ച് ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധിയുമായും (രണ്ടാഴ്ചയ്ക്കിടെ രണ്ടുതവണ)  പ്രിയങ്കാ ഗാന്ധിയുമായും കനയ്യ കുമാർ കൂടിക്കാഴ്ച നടത്തി എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്റെ ജന്മനാടായ ബീഹാറിലെ ബെഗുസരായിയിൽ നിന്ന് മത്സരിച്ചെങ്കിലും ബിജെപിയുടെ ഗിരിരാജ് സിംഗിനോട് കനയ്യ കുമാർ പരാജയപ്പെട്ടു.

ചരൺജിത് സിംഗ് ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയായി നിയമിക്കാനുള്ള രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും തീരുമാനം നല്ല സന്ദേശമാണ് നൽകുന്നത് എന്ന് ജിഗ്നേഷ് മേവാനി ഇന്ന് ട്വീറ്റ് ചെയ്തിരുന്നു. പഞ്ചാബ് മുഖ്യമന്ത്രിയായി ഇന്ന് സ്ഥാനമേറ്റ ചരൺജിത് സിംഗ് സംസ്ഥാനത്തിന്റെ ആദ്യ ദളിത് മുഖ്യമന്ത്രിയാണ്. ദളിതർക്ക് മാത്രമല്ല, എല്ലാ പിന്നോക്ക വിഭാഗങ്ങൾക്കും ഇടയിൽ ഇത് വലിയ സ്വാധീനം ചെലുത്തും. ദളിതരെ സംബന്ധിച്ചിടത്തോളം ഈ നീക്കം ഉജ്ജ്വലം മാത്രമല്ല, ആശ്വാസകരവുമാണ്, ജിഗ്നേഷ് മേവാനി ട്വീറ്റിൽ പറഞ്ഞു.