കമലേഷ് തിവാരിയെ കൊലപ്പെടുത്തിയത് മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർശത്തിന്: മതപണ്ഡിതൻ ഉൾപ്പെടെ 3 പേരെ അറസ്റ്റ് ചെയ്തു

 

കമലേഷ് തിവാരിയുടെ കൊലപാതകത്തിൽ 3 പേരെ ഗുജറാത്തിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. 2015 ൽ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർശത്തിനാണ് കമലേഷ് തിവാരിയെ കൊലപ്പെടുത്തിയത് എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. മൗലാന മൊഹ്‌സിൻ ഷെയ്ഖ്, ഫൈസാൻ, ഖുർഷിദ് അഹമ്മദ് പത്താൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചതായി ഗുജറാത്ത് എ.ടി.എസ് ഡി.ഐ.ജി ഹിമാൻഷു ശുക്ല പറയുന്നു. അതേസമയം കൊലപാതകത്തിന് ഗൂഢാലോചന നടത്തിയത് മൗലാന അൻവറുൾ ഹഖ്, മുഫ്തി നയീം ഖാസ്മി എന്നിവരാണെന്നാണ് പൊലീസ് പറയുന്നത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് യു.പി ഡി.ജി.പി പറഞ്ഞു. ഗുജറാത്ത്, ബിജ്‌നോർ, ലഖ്‌നൗ തുടങ്ങി അന്വേഷണ പരിധിയിൽ വരുന്ന സ്ഥലങ്ങൾ നിരീക്ഷണത്തിലാണ്. യു.പി, ഗുജറാത്ത് പോലീസിന്റെ സംയുക്ത സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

ഉത്തർപ്രദേശിലെ ഹിന്ദു സമാജ് പാർട്ടി എന്ന രാഷ്ട്രീയ സംഘടനയുടെ നേതാവ് കമലേഷ് തിവാരിയെ ഇന്നലെ ഉച്ചയ്ക്ക് ലഖ്‌നൗവിലെ വസതിയിൽ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. കാവി നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് എത്തിയ രണ്ടുപേർ ദീപാവലി മധുരപലഹാരങ്ങൾ സമ്മാനിക്കാനെന്ന പേരിൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയെന്നും വീടിനകത്തു കയറിയ ഇവർ കമലേഷ് തിവാരിയുടെ കഴുത്തറക്കുകയും ശേഷം വെടിയുതിർത്ത ശേഷം രക്ഷപെടുകയുമായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനിടയിലാണ് തിവാരി മരിച്ചത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഒരു പിസ്റ്റൾ കണ്ടെടുത്തിരുന്നു.