ഇത് കോടതിയുടെ നിയമപരിധിക്ക് പുറത്തു വരുന്ന കാര്യം; കമല്‍ഹാസനെതിരായ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി

ഹിന്ദു തീവ്രവാദി ഗോഡ്‌സെ എന്ന പരാമര്‍ശത്തിന്റെ പേരില്‍ നടനും മക്കള്‍ നീതി മെയ്യം നേതാവുമായ കമല്‍ഹാസനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി. ബി.ജെ.പി നേതാവ് അശ്വനി ഉപാധ്യായ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി വാദം കേള്‍ക്കാന്‍ വിസമ്മതിച്ചത്. ഇത് കോടതിയുടെ നിയമപരിധിക്ക് പുറത്ത് വരുന്ന കാര്യമാണെന്നാണ് കോടതി ചുണ്ടിക്കാട്ടിയത്.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ ഗോഡ്‌സെയാണെന്നായിരുന്നു കമല്‍ഹാസന്‍ പറഞ്ഞത്. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പി ഹര്‍ജി നല്‍കിയിരുന്നത്. ഐ.പി.സി 153 എ, ഐ.പി.സി 295 എ എന്നീ വകുപ്പുകള്‍ ചുമത്തി കമല്‍ഹാസനെതിരെ നടപടിയെടുക്കണമെന്നായിരുന്നു അശ്വിനി ഉപാധ്യായ ആവശ്യപ്പെട്ടത്.

വിഷയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കട്ടെയെന്നാണ് കോടതി പറഞ്ഞത്. താരത്തിനെതിരെ ബന്ധപ്പെട്ട ഏജന്‍സികളെ കൊണ്ട് അന്വേഷണം നടത്താന്‍ കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.