കര്‍ണാടകയില്‍ പ്രശ്‌നങ്ങള്‍ കൈവിട്ടു പോയിട്ടില്ല, ചര്‍ച്ച തുടരുന്നു: കെ.സി വേണുഗോപാല്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി കൈവിട്ട് പോയിട്ടില്ലെന്ന് സംഘടനാ ചുമതയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. എതിര്‍പ്പുള്ള എം.എല്‍.എമാരുമായി ചര്‍ച്ച നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ നിന്ന് മുംബൈയിലെത്തിയ എം.എല്‍.എമാര്‍ മുംബൈയിലെ ഹോട്ടലില്‍ തുടരുകയാണ്. ഇവരില്‍ ആറ് എം.എല്‍.എമാരുമായി താന്‍ ബന്ധപ്പെടുന്നുണ്ടെന്നും എന്നാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രശ്നപരിഹാരത്തിനുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ബെംഗളൂരുവിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

മുന്‍ മന്ത്രി രമേഷ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ 11 കോണ്‍ഗ്രസ്-ദള്‍ എംഎല്‍എമാര്‍ സ്പീക്കറുടെ ഓഫിസിലെത്തിയാണു രാജി സമര്‍പ്പിച്ചത്. തങ്ങളുടെ രാജിക്ക് പിന്നില്‍ ബി.ജെ.പി. അല്ലെന്ന് വിമത എം.എല്‍.എമാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ശനിയാഴ്ച വൈകീട്ട് ഇവര്‍ മുംബൈയിലേക്ക് യാത്ര ചെയ്തത് ബി.ജെ.പി. എം.പിയുടെ വിമാനത്തിലായിരുന്നുവെന്നാണ് വിവരം.