“ഞാൻ ഓഫീസ് വിടുകയാണ്. ഇന്ന് എന്റെ അവസാനദിവസമാണ്,”: ധബോല്‍ക്കര്‍-പന്‍സാരെ വധക്കേസ് അന്വേഷിച്ച ജഡ്ജി രാജിവെച്ചു

 

ബോംബെ ഹൈക്കോടതിയിലെ രണ്ടാമത്തെ ഏറ്റവും മുതിർന്ന ജഡ്ജി ജസ്റ്റിസ് സത്യരഞ്ജൻ ധർമാധികാരി രാജിവെച്ചു. രാജി സമർപ്പിച്ചതായി ജസ്റ്റിസ് ധർമാധികാരി വെള്ളിയാഴ്ച കോടതിയിൽ അഭിഭാഷകനോട് പറഞ്ഞു. എന്നിരുന്നാലും, അദ്ദേഹം കാരണം വ്യക്തമാക്കിയിട്ടില്ല. വിവാദമായിരുന്നു നരേന്ദ്ര ധബോല്‍ക്കര്‍-ഗോവിന്ദ് പന്‍സാരെ വധക്കേസ് പരിഗണിച്ചത് അദ്ദേഹമായിരുന്നു. യുക്തിവാദി നരേന്ദ്ര ധബോൽക്കർ, കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പൻസാരെ എന്നിവരുടെ കൊലപാതകക്കേസുകൾ അന്വേഷിക്കുന്നതിലെ കാലതാമസത്തെ കുറിച്ച് അദ്ദേഹം സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു.

ഒരു കേസിൽ അടുത്തയാഴ്ച കോടതിയിൽ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി അഭിഭാഷകൻ മാത്യു നെടുംപാറ പരാമർശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. “ഞാൻ ഓഫീസ് വിടുകയാണ്. ഇന്ന് എന്റെ അവസാന ദിവസമാണ്,” ജസ്റ്റിസ് ധർമ്മാധികാരി കോടതിയിൽ പറഞ്ഞു.

“താൻ രാജിവെച്ചതായി ജഡ്ജി പറഞ്ഞപ്പോൾ, തമാശയായിട്ടാണ് അദ്ദേഹം ഇത് പറഞ്ഞതെന്ന് ഞാൻ ആദ്യം കരുതി. അദ്ദേഹം വളരെ മുതിർന്ന ജഡ്ജിയാണ്, അദ്ദേഹത്തിന്റെ രാജി ഞെട്ടിപ്പിക്കുന്നതാണ്,” നെടുംപാറ പിന്നീട് പറഞ്ഞതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു.

2003 നവംബർ 14 ന് ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് ധർമ്മാധികാരി ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള നിരയിലുൾപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ. തഹില്‍രമണി രാജിവെച്ചിരുന്നു. മേഘാലയയിലേക്ക് സ്ഥലം മാറ്റിയതിനെ തുടര്‍ന്നായിരുന്നു രാജി.  2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബില്‍ഖീസ് ബാനു കൂട്ട ബലാല്‍സംഗക്കേസിലെ 11 പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ശരിവെച്ചത് ജസ്റ്റിസ് തഹില്‍ രമണിയായിരുന്നു. 2017-ല്‍ ഇതുപോലെ ഗുജറാത്ത് ഹൈക്കോടതയിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ജയന്ത് പട്ടേല്‍ രാജിവച്ചിരുന്നു. സീനിയോറിറ്റി ഉണ്ടായിട്ടും തന്നെ ഒരു ഹൈക്കോടതിയിലെയും ചീഫ് ജസ്റ്റിസ് ആക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. 2004-ലെ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയാണ് ജസ്റ്റിസ് ജയന്ത് പട്ടേല്‍.