മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ തല മുണ്ഡലം ചെയ്ത് സീനിയേഴ്‌സിന്റെ ക്രൂരവിനോദം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് വി.സി

ഉത്തര്‍പ്രദേശില്‍ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ തല മുണ്ഡലം ചെയ്ത് സിനിയേഴ്‌സിന്റെ ക്രൂരവിനോദം. ഇറ്റാവ ജില്ലയിലെ സായ്ഫായിലുള്ള ഉത്തര്‍പ്രദേശ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് സംഭവം.

ജൂനിയര്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് സല്യൂട്ട് അടിപ്പിക്കുകയും സീനിയേഴ്‌സിന്റെ മുന്നില്‍ തല കുനിച്ച് നിര്‍ത്തുകയും ചെയ്തു. സിനിയേഴ്‌സിന്റെ മുന്നില്‍ വിദ്യാര്‍ത്ഥികള്‍ തല കുനിച്ചു നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യു.പി മെഡിക്കല്‍ സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോ.രാജ് കുമാര്‍ പറഞ്ഞു. ഏതാനും സീനിയേഴ്‌സിനെ ഇതിനകം സസ്‌പെന്റ് ചെയ്തു കഴിഞ്ഞു. ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ റാംഗിഗ് വിരുദ്ധ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഈ കമ്മിറ്റിയിലോ വാര്‍ഡന്മാരുടെ പക്കലോ പരാതി നല്‍കാമെന്നും വി.സി വ്യക്തമാക്കി.