പൊലീസ് വെടിവെയ്പ്പിൽ ജുഡീഷ്യൽ അന്വേഷണം; കുടിയൊഴിപ്പിക്കുന്നതിൽ നിന്ന് പിന്മാറില്ലെന്നും അസം സർക്കാർ

അസമിൽ ഭൂമി കൈയേറ്റം ആരോപിച്ച് നടക്കുന്ന കുടിയൊഴിപ്പിക്കലിൽ പ്രതിഷേധിച്ച ഗ്രാമീണർക്കു നേരെ പൊലീസ് വെടിവെയ്പ്പ് നടത്തിയ സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. പൊലീസ് വെടിവെയ്പ്പിൽ രണ്ട് ​ഗ്രാമീണരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

പൊലീസിന്റെ അതിക്രമം സമൂഹ മാധ്യമങ്ങളിൽ വലിയ ചർ‍ച്ചയായി മാറിയതിന് പിന്നാലെ ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിടുകയായിരുന്നു. പൊലീസ് നടപടിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് സർക്കാർ അറിയിച്ചു. അതേസമയം 1300 ഏക്കറോളം സർക്കാർ ഭൂമി അനധികൃതമായി കൈയേറിയിട്ടുണ്ടെന്നും അതിൽ നിന്നും കുടിയൊഴിപ്പിക്കുന്നതിൽ നിന്ന് പിന്മാറില്ലെന്നും അസം സർക്കാർ വ്യക്തമാക്കി.

വ്യാപക പ്രതിഷേധത്തിനെ തുടർന്ന് പൊലീസിന്റെ വെടിവെയ്പ്പിൽ പരിക്കേറ്റ ​ഗ്രാമീണനെ ആക്രമിച്ച ഫോട്ടോഗ്രാഫർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അസമിലെ ധോൽപ്പൂരിൽ പൊലീസിന്റെ വെടിയേറ്റ വീണ ​ഗ്രാമീണനെ സംഘപരിവാർ അനുകൂലിയായ ഫോട്ടോ​ഗ്രാഫർ നെഞ്ചത്ത് കയറി ചവിട്ടുകയായിരുന്നു. ധരാങ്ങ് ജില്ലാ അഡ്മിനിസ്ട്രേഷൻ ഫോട്ടോഗ്രാഫർ ബിജയ് ഷങ്കർ ബനിയയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Read more

സംസ്ഥാനത്തെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആളുകളെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. വീടുകൾ പൊളിച്ചുകളഞ്ഞ സ്ഥലത്ത് കൂട്ടുകൃഷി ആരംഭിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. പ്രദേശത്തെ നാല് ആരാധനാലയങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പൊളിച്ചു കളഞ്ഞവയിൽ ഉൾപ്പെടുന്നു