‘എന്നോട് ഇക്കുറി മത്സരിക്കേണ്ടെന്ന് പറഞ്ഞൂന്ന് പറയാന്‍ പറഞ്ഞു’, അദ്വാനിക്ക് പിന്നാലെ സീറ്റ് നിഷേധിക്കപ്പെട്ട മുരളി മനോഹര്‍ ജോഷി വോട്ടര്‍മാര്‍ക്ക് നല്‍കിയ സന്ദേശം ഇങ്ങിനെ

‘പ്രിയപെട്ട വോട്ടര്‍മാരെ എന്നോട് ഇക്കുറി മത്സരിക്കേണ്ട എന്നാണ് പാര്‍ട്ടി പറയുന്നത്. അതുകൊണ്ട് ദേശീയ തിരഞ്ഞെടുപ്പില്‍ ഇക്കുറി ഞാന്‍ ഉണ്ടാകില്ല’- ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ബിജെപിയുടെ മുതിര്‍ന്ന നേതാവും, എല്‍. കെ അദ്വാനി ഉള്‍പ്പെടുന്ന മാര്‍ഗദര്‍ശന്‍ മണ്ഡലലിലെ രണ്ടാമനുമായ മുരളി മനോഹര്‍ ജോഷി അയച്ച സന്ദേശത്തിലാണ് ഇങ്ങിനെ പറയുന്നത്. ഇക്കുറി ഗുജറാത്തിലെ ഗാന്ധി നഗറില്‍ നിന്ന് അദ്വാനിക്ക സീറ്റ് നിഷേധിച്ചതിന് പിന്നാലെ എണ്‍പത്തഞ്ചുകാരനായ മുരളി മനോഹര്‍ ജോഷിയോട് ഇക്കുറി മത്സരിക്കേണ്ടതില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയെന്നാണ് വോട്ടര്‍മാരോടായി അദ്ദഹം പറയുന്നത്.

ബിജെപി ജനറല്‍ സെക്രട്ടറി രാംലാലാണ് ജോഷിയോട് ഇക്കുറി മത്സരിക്കേണ്ടെന്നും വിവരം ജനങ്ങളോട് പറയണമെന്നും ആവശ്യപ്പെട്ടത്. എന്നാല്‍ അത് നിഷേധിച്ച ജോഷി പാര്‍ട്ടി മത്സരിക്കേണ്ട എന്നാണ് പറുയന്നതെന്ന് വോട്ടര്‍മാര്‍ക്ക് സന്ദേശം നല്‍കി. പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച മുതിര്‍ന്ന നേതാവ് അങ്ങിനെ ഒരു കാര്യമുണ്ടെങ്കില്‍ ആദ്യം പാര്‍ട്ടി അധ്യക്ഷന്‍ ഇക്കാര്യം വ്യക്തമാക്കണമായിരുന്നു എന്ന് തിരിച്ചടിച്ചു. കാണ്‍പൂരില്‍ നിന്നോ മറ്റെവിടെയെങ്കിലും നിന്നോ മത്സരിക്കരുതെന്ന് രാംലാല്‍ നിര്‍ദേശിച്ചുവെന്നാണ് ജോഷിയുടെ സന്ദേശത്തില്‍ പറയുന്നത്.

ഉത്തര്‍ പ്രദേശിലെ മേല്‍ജാതിക്കാരിലേക്കുള്ള ബിജെപിയുടെ പാലമായ മുരളി മനോഹര്‍ ജോഷി 2014 ലെ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്ക് വേണ്ടി വാരണാസി ഒഴിഞ്ഞു കൊടുക്കുകയും കാണ്‍പൂരില്‍ നിന്ന് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു. അദ്വാനി, കല്‍രാജ് മിശ്ര, ശാന്ത കുമാര്‍, കരിയ മുണ്ട തുടങ്ങിയ വൃദ്ധ നേതൃത്വത്തെ ഇക്കുറി മാറ്റി നിര്‍ത്തുകയായിരുന്നു ബിജെപി. അദ്വാനിയുടെ സീറ്റായി ഗാന്ധിനഗറില്‍ ഇക്കുറി അമിത്ഷാ ആണ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് വേദി വിട്ട അദ്വാനിയോടൊപ്പം പിന്നീട് പാര്‍ട്ടിയിലും സഭയിലും കാര്യമായ ഒരിടപെടലും നടത്തിയിട്ടില്ല ജോഷി.