ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ്; തെരുവുവിളക്കുകള്‍ അണച്ച് മര്‍ദ്ദനം, നൂറോളം പേരെ കസ്റ്റഡിയിലെടുത്തു

ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധന പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ്. ഫീസ് വര്‍ദ്ധനയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ രാത്രി തെരുവുവിളക്കുകള്‍ അണച്ചശേഷം പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. നൂറോളം വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

മാനവ വിഭവശേഷി മന്ത്രാലയം ഉദ്യോഗസ്ഥരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കെന്ന പേരില്‍ വാഹനത്തില്‍ കൊണ്ടുപോയ പ്രസിഡന്റ് ഐഷിഘോഷ് അടക്കമുള്ള നാല് വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികളെ വഴിയില്‍ ഇറക്കിവിട്ട ശേഷമായിരുന്നു മര്‍ദ്ദനം. രാത്രി വൈകിയതിനാല്‍ ചര്‍ച്ചയില്ലെന്നും വിദ്യാര്‍ത്ഥികളോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെടണമെന്നും ഭാരവാഹികളോട് പൊലീസ് ആവശ്യപ്പെട്ടു. ചര്‍ച്ച നടത്താതെ മടങ്ങില്ലെന്ന് നേതാക്കളും വിദ്യാര്‍ത്ഥികളും അറിയിച്ചതോടെയാണ് തെരുവുവിളക്കുകള്‍ അണച്ച് വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിച്ചതച്ചത്.

പൊലീസ് നടപടിയില്‍ പരിക്കേറ്റതിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു. വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തിയ ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിയമം കൈയിലെടുക്കരുതെന്ന് വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു. വഹാന ഗതാഗതത്തെയും പ്രക്ഷോഭം ബാധിച്ചതോടെയാണ് പിരിഞ്ഞു പോകാന്‍ പോലീസ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്.

യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, എസ്.എഫ്.ഐ കേന്ദ്രസെക്രട്ടേറിയറ്റ് അംഗം നിതീഷ് നാരായണന്‍ എന്നിവരടക്കം 56 വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥികളെ ഒറ്റതിരഞ്ഞ് ക്രൂരമായി ആക്രമിച്ചു. പെണ്‍കുട്ടികളെ പൊലീസുകാര്‍ വ്യാപകമായി മര്‍ദ്ദിച്ചു. തല്ലിച്ചതച്ചും നേതാക്കളെ കസ്റ്റഡിയിലെടുത്തും സമരാവേശം കെടുത്താനുള്ള പൊലീസിന്റെ നടപടികളെ വെല്ലുവിളിച്ച വിദ്യാര്‍ത്ഥി മുന്നേറ്റത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചത്.