'ബിജെപിക്ക് എന്നെ ഭയം, മനപൂര്‍വ്വം അവരെന്നെ വേട്ടയാടുന്നു'; ജിഗ്നേഷ് മേവാനി

പൂനെയിലെ ദളിത് കലാപവുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസെടുത്ത പൊലീസ് നടപടിയ്ക്കെതിരെ ജിഗ്‌നേഷ് മേവാനി. പ്രകോപനപരമായ ഒരു വാക്കുപോലും പറയാത്ത തന്നെ മനപൂര്‍വ്വം വേട്ടയാടുകയാണെന്ന് ജിഗ്നേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പൂനെയിലെ ദളിത് കലാപവുമായി ബന്ധപ്പെട്ട് ജിഗ്‌നേഷ് മെവാനിക്കും ജെ.എന്‍.യുവിലെ വിദ്യാര്‍ഥി നേതാവായിരുന്ന ഉമര്‍ ഖാലിദിനുമെതിരെ കേസെടുത്തത്.

ബി.ജെ.പിക്ക് എന്നെ ഭയമാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഫലമായി അവര്‍ എന്നെ വേട്ടയാടുകയാണ്. .എന്റെ പ്രസംഗത്തിലെ ഒരൊറ്റ വാക്കുപോലും പ്രകോപനം സൃഷ്ടിക്കുന്നതായിരുന്നില്ലെന്നും ജിഗ്നേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ അധിക്രമത്തില്‍ പ്രതിഷേധിച്ച് ദല്‍ഹിയില്‍ യുവ അഹങ്കാര്‍ റാലി സംഘടിപ്പിക്കുമെന്നും ജിഗ്‌നേഷ് വ്യക്തമാക്കി.

പ്രകോപനപരമായ പ്രസംഗത്തിലൂടെ സാമുദായിക സംഘര്‍ഷമുണ്ടാക്കി എന്ന കുറ്റംചുമത്തിയാണ് ജിഗ്‌നേഷ് മെവാനിക്കും ജെഎന്‍യുവിലെ വിദ്യാര്‍ഥി നേതാവായിരുന്ന ഉമര്‍ ഖാലിദിനുമെതിരെ കേസെടുത്തത്. ദളിത് സംഘര്‍ഷത്തിന് ഉത്തരവാദികള്‍ ജിഗ്‌നേഷും ഉമര്‍ ഖാലിദുമാണെന്ന് ആരോപിച്ച് പൂനെയിലെ അക്ഷയ് ബിക്കാദ്, അനന്ത് ദോന്ത് എന്നീ യുവാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.